മൂവാറ്റുപുഴ: സര്‍ക്കാര്‍ വകുപ്പുകളുടെ ഇടനാഴിയില്‍ കുടുങ്ങി നിര്‍മ്മാണം മുടങ്ങിയ ഇഇസി മാര്‍ക്കറ്റ് റോഡിന് ഡോ. മാത്യു കുഴല്‍ നാടന്‍ എം എല്‍ എയുടെ ഇടപെടലില്‍ ശാപമോക്ഷം. റോഡ് നിര്‍മ്മാണം പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തു. ബിഎംബിസി നിലവാരത്തില്‍ പണി പൂര്‍ത്തിയാക്കും.
റോഡിന് നടപ്പാതെയടക്കം നിര്‍മ്മിച്ച് മനോഹരമാക്കും. ഇതിനായി 1 കോടി 25 ലക്ഷം രൂപ അനുവദിച്ചതായി ഡോ. മാത്യു കുഴല്‍ നാടന്‍ എംഎല്‍എ അറിയിച്ചു. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതായും പണി ഉടന്‍ തുടങ്ങുമെന്നും എംഎല്‍എ പറഞ്ഞു.
വെള്ളൂര്‍കുന്നം കവലയില്‍ തുടങ്ങി കീച്ചേരി പടിയില്‍ അവസാനിക്കുന്ന റോഡ് കുണ്ടും കുഴിയുമായിട്ട് വര്‍ഷങ്ങളായി. നഗര തിരക്കൊഴിവാക്കുന്ന പ്രധാന ബൈ പാസായിരുന്നു റോഡ്. പെരുമ്പാവൂര്‍ – എറണാകുളം ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ ഹൈറേഞ്ചിലേക്ക് പോകാനുപയോഗിച്ചിരുന്നതും ഈ റോഡാണ്.
വകുപ്പുകള്‍ തമ്മിലുള്ള സ്ഥല ഉടമസ്ഥ തര്‍ക്കംമൂലം നിര്‍മ്മാണം മുടങ്ങിയതോടെ റോഡില്‍ നിരവധി കുഴികള്‍ രൂപപ്പെട്ടു, ഇതോടെ നിത്യേനെ നിരവധി വാഹനങ്ങളാണ് അപകടത്തില്‍ പെട്ടത്. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ വകുപ്പുകള്‍ തമ്മിലെ തര്‍ക്കം പരിഹരിച്ചതോടെയാണ് റോഡ് നിര്‍മ്മാണത്തിന് അനുമതിയായത്.


