മലപ്പുറം: മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് വിവിധ ജില്ലകളിലായി എസ്പി ഓഫീസുകളിലേക്ക് യൂത്ത്കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തി. മലപ്പുറത്ത് യൂത്ത്കോണ്‍ഗ്രസ് സംഘടിപ്പിച്ച എസ്പി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി. പൊലീസിന് നേരെ വടികള്‍ എറിഞ്ഞു. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ചു. പൊലീസ് പ്രവര്‍ത്തകരെ ബലംപ്രയോഗിച്ച് നീക്കി. പ്രവര്‍ത്തകരെയും കൊണ്ട് പോയ പൊലീസ് ജീപ്പ് പ്രവര്‍ത്തകര്‍ തടഞ്ഞു.
എറണാകുളത്തും യൂത്ത്കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. ബാരിക്കേഡിന് മുകളിലേക്ക് കയറി മറിച്ചിടാന്‍ ശ്രമം നടത്തിയതിനെത്തുടര്‍ന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പൊലീസിന് നേരെ പ്രതിഷേധക്കാര്‍ ചെരുപ്പെറിഞ്ഞു.
യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാസര്‍കോട് എസ്പി ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് നാല് തവണ ജലപീരങ്കി പ്രയോഗിച്ചു. സമരം സംസ്ഥാന ജനറല്‍ സെക്രട്ടറി ജോമോന് ജോസ് ഉദ്ഘാടനം ചെയ്തു.
കാസര്‍കോട് ഗവ.കോളജ് പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ 50 പേരോളം പങ്കെടുത്തു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വിവിധ ജില്ലകളിലെ എസ്പി ഓഫിസിലേക്ക് യൂത്ത്കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തുകയാണ്. പലയിടത്തും മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടാവുകയും പൊലീസ് ജലപീരങ്കി ഉപയോഗിക്കുകയും ചെയ്തു