സന്തോഷ്കുമാര്‍
ജീവന് തുടിക്കുന്ന ശില്പങ്ങള് മരത്തില്‍ തീര്‍ത്ത് തന്റെ വിശ്രമവേളകള്‍ ആനന്ദകരമാക്കുകയാണ് മൂവാറ്റുപുഴ രണ്ടാര്‍ സ്വദേശി ബിനു മാമ്പിള്ളിയില്‍. മരപ്പണി ഉപജീവന മാര്‍ഗ്ഗമാക്കിയ ബിനു കഴിഞ്ഞ ലോക് ഡൗണ്‍ കാലത്താണ് സമയം പോക്കിനായി മരപ്പലകകളില്‍ ശില്പങ്ങള് കൊത്തിയെടുക്കുന്ന പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടത്. ആദ്യം കൊത്തിയെടുത്ത ശിവപാര്‍വ്വതി രൂപം സുഹൃത്തുക്കളുടെയും വീട്ടുകാരുടെയും അഭിനന്ദനങ്ങള്‍ക്ക് കാരണം ആയതോടെ തന്റെ വിശ്രമവേളകള്‍ ദാരുശില്പ നിര്‍മ്മാണത്തിനായി മാറ്റിവെക്കുകയായിരുന്നു.
തുടര്‍ന്ന് രണ്ടു വര്‍ഷത്തിനുള്ളില്‍ വിനുവിന്റെ കരവിരുതില്‍ പിറന്നത് നിരവധി നാഗങ്ങളും പക്ഷികളും മര ചങ്ങലകളും കൗതുക രൂപങ്ങളും ദേവീദേവന്മാരും സാമൂഹ്യ പരിഷ്കര്‍ത്താക്കളും എല്ലാമായിരുന്നു. കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ പൂര്‍ത്തിയായ തിരുവത്താഴം വരെ എത്തി നില്‍ക്കുകയാണ് വിനുവിന്റെ ദാരുശില്പകലയിലെ വിസ്മയങ്ങള്‍.

ബിനു നിര്‍മ്മിച്ച ശില്‍പ്പ ഫലകങ്ങള്‍ വിലയ്ക്കെടുക്കാനായി നിരവധി പേര് എത്തിയെങ്കിലും നഗരത്തില്‍ എവിടെയെങ്കിലും തന്റെ സൃഷ്ടികള്‍ പ്രദര്‍ശനത്തിന് വച്ചതിനു ശേഷം മാത്രമേ വില്‍പ്പന നടത്തുകയുള്ളൂ എന്ന തീരുമാനത്തിലാണ് ഈ കലാകാരന്.
കൊത്തി എടുക്കേണ്ട രൂപത്തിന്റെ ചിത്രം അതേ വലിപ്പത്തില്‍ ഫ്ലക്സില്‍ പ്രിന്റ് ചെയ്ത് കാര്‍ബണ്‍ പേപ്പറിന്റെ സഹായത്തോടെ മരപ്പലകയിലേക്ക് പകര്‍ത്തിയതിനു ശേഷമാണ് ഏറെ സൂക്ഷ്മതയും ക്ഷമയും സമയവും ആവശ്യമായ ശില്പ നിര്‍മ്മാണം ആരംഭിക്കുന്നത്.

മക്കളായ ബിരുദ വിദ്യാര്‍ത്ഥി ആകര്‍ഷും ഹൈസ്കൂള്‍ വിദ്യാര്‍ഥിയായ ആദര്‍ശും ശില്പ നിര്‍മാണത്തില്‍ അച്ഛനെ സഹായിക്കും. വിജിതയാണ് ബിനുവിന്റെ ഭാര്യ.


