തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കുന്നതില്‍ ആം ആദ്മി പാര്‍ട്ടിയില്‍ ആശയക്കുഴപ്പം. കോര്‍പ്പറേറ്റ് കമ്പനിയുടെ നേതൃത്വത്തില്‍ രൂപം കൊണ്ട കിഴക്കമ്പലം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്വന്റി 20 സംഘടനയുമായി സഖ്യമുണ്ടാക്കാനള്ള തീരുമാനത്തിലാണ് ആം ആദ്മി പാര്‍ട്ടിയില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നത്. സംഘടനയുമായി ചേരുന്നത് കേരള രാഷ്ട്രീയത്തില്‍ നല്ല പ്രതിച്ഛായയല്ല ഉണ്ടാക്കുകയെന്ന് ഒരു വിഭാഗം നേതാക്കള്‍ അഭിപ്രായപ്പെട്ടതാണ് സഖ്യത്തിന്റെ കാര്യത്തില്‍ ആശയകുഴപ്പത്തിന് ഇടയാക്കിയത്.
തൃക്കാക്കരയില്‍ മത്സരിക്കുമോയെന്നതില്‍ തീരുമാനം രണ്ട് ദിവസത്തിനകം ഉണ്ടാകുമെന്നും ട്വന്റി 20യുമായി സഖ്യമുണ്ടാക്കുന്നതില്‍ തീരുമാനമായില്ലെന്നും ആംആദ്മി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പത്മനാഭന് ഭാസ്കരന് പറഞ്ഞു.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃക്കാക്കരയില്‍ നിന്ന് 14,329 വോട്ടുകള്‍ക്കാണ് പിടി തോമസ് ജയിച്ചു കയറിയത്. പോള്‍ ചെയ്ത വോട്ടുകളില്‍ 43.82 ശതമാനം പേര് പിടിയെ പിന്തുണച്ചു. പിടി തോമസ് 59,839 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫ് സ്വതന്ത്രന് ഡോ. ജെ ജേക്കബിന് 45,510 വോട്ടുകളാണ് കിട്ടിയത്. 33.32 ശതമാനമായിരുന്നു ഡോ. ജെ ജേക്കബിന്റെ വോട്ടു വിഹിതം.
ബിജെപി സ്ഥാനാര്‍ത്ഥി എസ് സജി 15,483 വോട്ടുകള്‍ നേടി മൂന്നാമതായി. ട്വന്റി 20 സ്ഥാനാര്‍ത്ഥി ഡോ. ടെറി തോമസ് 13,897 വോട്ടുകള്‍ നേടി നാലാം സ്ഥാനത്തെത്തി. 10.18 ശതമാനം വോട്ടുകളാണ് തൃക്കാക്കരയില്‍ ആദ്യമായി മത്സരിച്ച ട്വന്റി ട്വന്റിക്ക് ലഭിച്ചത്.
അതേസമയം തൃക്കാക്കരയില്‍ ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനും സാബു എം ജേക്കബും ചേര്‍ന്നുള്ള ഗൂഢാലോചനയാണെന്ന് പിടി തോമസ് തെരഞ്ഞെടുപ്പ് കാലത്ത് ആരോപിച്ചിരുന്നു.


