വാഴക്കുളം: മണിയന്തടം കവലയില്‍ ഹൈമാസ്സ് ലൈറ്റ് അനുവദിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്കി. കോണ്‍ഗ്രസ് മടക്കത്താനം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഡീന്‍ കുര്യാക്കോസ് എം.പിക്കും മാത്യു കുഴല്നാടന് എംഎല്‍എക്കും നിവേദനം നല്‍കിയത്.
തൊടുപുഴ മുവാറ്റുപുഴ റോഡില്‍ മണിയന്തടം പട്ടിക ജാതി കോളനിയുടെ പ്രവേശന കവാടത്തില്‍ ലൈറ്റ് വേണമെന്നാവശ്യപ്പെട്ടാണ് നിവേദനം നല്‍കിയത്. നിവേദനത്തില്‍ ഒപ്പിട്ട കച്ചവടക്കാരും പ്രദേശവാസികളും ഇതാണ് അവശ്യപെടുന്നത്. എറണാകുളം ജില്ലയിലെ തന്നെ ഏറ്റവും വലിയ പട്ടികജാതി കോളനികളില്‍ ഒന്നായ മണിയന്തടം കോളനിയുടെ പ്രവേശനകവാടമാണ് ഈ കവല.
ദിവസവും നിരവധി ആളുകള്‍ വന്ന് പോകുന്ന ഈ കവലയില്‍ രാത്രിയായാല്‍ വെളിച്ചകുറവ് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്. തുടര്‍ന്നാണ് നിവേദനം നല്കാന് തീരുമാനിച്ചതെന്ന് കോണ്‍ഗ്രസ്സ് മേഖല കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും അഭിപ്രായപെട്ടു. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഈ ആവശ്യം പരിഗണിക്കാന്‍ ശ്രമിക്കുമെന്ന് മാത്യു കുഴല്നാടന് എംഎല്‍എ പറഞ്ഞു.


