മോന്സണ് മാവുങ്കല്‍ കേസില്‍ അനധികൃതമായി ഇടപെട്ടെന്ന ആരോപണത്തില്‍ ചേര്‍ത്തല സിഐ പി. ശ്രീകുമാറിനെ സ്ഥലം മാറ്റി. പാലക്കാട് ക്രൈംബ്രാഞ്ചിലേക്കാണ് സിഐയെ സ്ഥലം മാറ്റിയത്.
പൊലീസ് തലപ്പത്തെ അഴിച്ചുപണിക്ക് പിന്നാലെ ഇന്‍സ്പെക്ടര്‍മാരുടെ സ്ഥലംമാറ്റ ഉത്തരവും പുറത്തു വന്നിരുന്നു. ഈ ഉത്തരവിലാണ് ശ്രീകുമാറിന്റെ ഉത്തരവും ഉള്‍പ്പെട്ടിരിക്കുന്നത്. പാലക്കാട് ക്രൈംബ്രാഞ്ചിലേക്ക് സ്ഥലം മാറ്റിയതായാണ് ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്. മോന്സണ് കേസില്‍ ശ്രീകുമാറിന്റെ പേര് ഉയര്‍ന്നു വന്നതിന് പിന്നാലെയാണ് നടപടി.
മോന്സന് മാവുങ്കലും ചേര്‍ത്തല സി.ഐ.ശ്രീകുമാറും ഏറെക്കാലമായി അടുപ്പത്തിലാണ്. മോന്‍സനെതിരെ കേസുകള്‍ ഉയര്‍ന്നപ്പോള്‍ എല്ലാം സി.ഐ. സഹായിച്ചു. മോസനെതിരെ പരാതി പറയാന്‍ ഫോണില്‍ വിളിച്ച യുവതിയെ ശ്രീകുമാര്‍ ഭീഷണിപ്പെടുത്തിയതായി ആരോപണം ഉയര്‍ന്നു. ശ്രീകുമാറും മോന്‍സനും തമ്മിലെന്ന പേരില്‍ ഫോണ്‍ സംഭാഷണവും പുറത്തു വന്നു.
മോന്സണ് മാവുങ്കലിനെതിരായ ഒരു കേസന്വേഷണത്തില്‍ പി. ശ്രീകുമാര്‍ അനധികൃതമായി ഇടപെട്ടെന്നായിരുന്നു ഉയര്‍ന്ന ആരോപണം. കേസില്‍ മോന്സണ് അനുകൂലമായ ഇടപെടല്‍ ശ്രീകുമാര്‍ നടത്തിയതായും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മാവുങ്കലിനെതിരെ പരാതി നല്കിയവര് രംഗത്തെത്തുകയും ചെയ്തിരുന്നു.
ട്രാഫിക് ഐ.ജി ആയിരുന്ന ജി.ലക്ഷ്മണന് ഇടപെട്ട് ആലപ്പുഴ ക്രൈം ബ്രാഞ്ചില്‍ നിന്ന് മോന്‍സന്റെ കേസ് ചേര്‍ത്തല സി.ഐക്ക് കൈമാറിയതിന്റെ തെളിവുകളും പുറത്തു വന്നു. സി.ഐയെ സ്വാധീനിച്ച് ശ്രീവല്‍സം ഗ്രൂപ്പിനെതിരെയും കേസെടുപ്പിച്ചു എന്നാണ് ആരോപണം. മോന്സന് പങ്കെടുത്ത ചടങ്ങുകളില്‍ പലതിലും സി.ഐ. ശ്രീകുമാറും ഒപ്പം ഉണ്ടായിരുന്നു. ആരോപണങ്ങള്‍ തുടര്‍ന്നത്തോടെയാണ് പാലക്കാട് ക്രൈം ബ്രാഞ്ചിലേക്ക് ശ്രീകുമാറിനെ സ്ഥലം മാറ്റിയത്. മണ്ണഞ്ചേരി വിനോദിനാണ് പുതിയത് ചുമതല.
മോന്സന് മാവുങ്കലിന്റെ കൈവശമുള്ള രേഖകളുടെ പരിഷോധന നാളെ തുടങ്ങും. എച്ച്.എസ്.ബി.സി ബാങ്കിന്റെ പേരില്‍ നിര്‍മിച്ചത് വ്യാജരേഖകള്‍ ആണെന്ന് കഴിഞ്ഞ ദിവസം ബാങ്ക് അധികൃതര്‍ സ്ഥിരീകരിച്ചിരുന്നു. മോന്‍സന്റെ കൈവശം ഉള്ള മറ്റു രേഖകള്‍ ആണ് പരിശോധിക്കുന്നത്. ശില്പി സുരേഷിന്റെ പരാതിയില്‍ കേസെടുത്ത തിരുവനന്തപുരം യൂണിറ്റ് മോസനെ നാളെ കസ്റ്റഡിയില്‍ വാങ്ങും. മോന്‍സന്റെ ജാമ്യാപേക്ഷയും കോടതി നാളെ പരിഗണിക്കും.


