മുവാറ്റുപുഴ : നഗര വികസന നിർമ്മാണ വർക്കുകൾ അതിവേഗം പുരോഗമിച്ചു കൊണ്ടിരിക്കെ എൽ ഡി എഫ് നേതാക്കൾ മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നൽകിയത് വികസനം മുടക്കാൻ ശ്രമിച്ചിട്ടും അത് മുന്നോട്ടു പോകുന്നയത്തിലെ ജാള്യത മറയ്ക്കാൻ ആണെന്ന് യു ഡി എഫ് നേതാക്കൾ ആരോപിച്ചു.
ഏഴുമാസം കരാർ കാലാവധിയുള്ള നഗര റോഡിന്റെ നിർമ്മാണം മൂന്നുമാസത്തിനുള്ളിൽ പൂർത്തീകരിക്കാനുള്ള പരിശ്രമമാണ് നടത്തുന്നത് എന്ന് കഴിഞ്ഞ ദിവസം എം എൽ എ മാത്യു കുഴൽനാടന്റെ അദ്ധ്യക്ഷതയിൽ മുവാറ്റുപുഴയിൽ ചേർന്ന വിവിധ വകുപ്പുകളുടെ സംയുക്ത യോഗത്തിന് ശേഷം എം എൽ എ വ്യക്തമാക്കിയിരുന്നു.
വാട്ടർ അതോറിറ്റിയുടെ വർക്കുകൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് അഡീഷണൽ ടീമുകളെയും എംഎൽഎയുടെ നിർദ്ദേശപ്രകാരം നിയോഗിച്ചിരുന്നു. കെ എസ് ഇ ബി, കെ ആർ എഫ് ബി കളുടെ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്.
മുറിക്കല്ല് ബൈപ്പാസിന്റെ ടെൻഡർ നടപടികൾ പൂർത്തിയാക്കി എംഎൽഎ അത് നാടിനെ അറിയിച്ചപ്പോൾ തന്നെ മന്ത്രിയുടെയോ മന്ത്രിയുടെ ഓഫീസിന്റെയോ ഒരറിവും ഇല്ലാതെയാണ് ഇത് നടന്നതെന്ന് വ്യക്തമാക്കിയ മുതിർന്ന സിപിഎം നേതാവ് ഗോപി കോട്ടമുറിക്കലിന്റെ ഫേസ്ബുക്ക് പോസ്റ്റ് തന്നെ ഇവിടുത്തെ വികസന പ്രവർത്തനങ്ങളിൽ ഒന്നും തന്നെ ഇടതുപക്ഷത്തിന് യാതൊരു പങ്കുമില്ല എന്നത് ജനങ്ങൾക്ക് ബോധ്യമായിട്ടുള്ളതാണ്.
എംഎൽഎയോടുള്ള എതിർപ്പിന്റെ പേരിൽ മൂവാറ്റുപുഴയിലെ വികസന പ്രവർത്തനങ്ങളെ എല്ലാം എതിർക്കാനും അട്ടിമറിക്കാനും എൽ ഡി എഫ് നേതൃത്വം ശ്രമിച്ചിട്ടും, ആ ശ്രമങ്ങളെ എല്ലാം അതിജീവിച്ചും വർക്കുകൾ സുഗമമായി മുന്നോട്ടു പോകുന്നത് കാണുമ്പോൾ ഇനി അത് തങ്ങളുടെ ഇടപെടൽ കൊണ്ടാണെന്ന് വരുത്തി തീർത്ത് ജാള്യത മറയ്ക്കാൻ ആണ് അവസാന നിമിഷം പ്രഹസനമെന്ന മട്ടിൽ നിവേദനവുമായി മന്ത്രിയുടെ അടുത്തേക്ക് എൽഡിഎഫ് നേതാക്കൾ പോയത് എന്ന് യു ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ അഡ്വ. കെ എം സലിം കൺവീനർ കെ എം അബ്ദുൾ മജീദും വ്യതമാക്കി.
എൽഡിഎഫ് സർക്കാരിന്റെ കാലയളവിൽ നഗരവികസനവുമായി ബന്ധപ്പെട്ട് നിന്ന 16 ലാൻഡ് അക്യുസേഷൻ തഹസിൽദാർമാർക്കാണ് തുടരെ സ്ഥലംമാറ്റം ഉണ്ടായത്. ഇത്രയൊക്കെ ദ്രോഹം ഈ നാടിനോട് ചെയ്തവരാണ് യാതൊരു ഉളുപ്പും മടിയുമില്ലാതെ ഇന്നതിന്റെ പിതൃത്വം ഏറ്റെടുക്കാൻ അഭിനവ ” എട്ടുകാലി മമ്മൂഞ്ഞുമാരായി” മാറി നിവേദനങ്ങളുമായി ഓടിനടക്കുന്നത്.
എൽദോ എബ്രഹാം എംഎൽഎ ആയിരുന്ന അഞ്ചുവർഷക്കാലം ഇത്തരം നിവേദന സംഘങ്ങളെ ഒന്നും വികസന നടത്തിപ്പിനു വേണ്ടി അന്ന് കണ്ടിട്ടില്ല എന്നും, മാത്യു കുഴൽനാടൻ എംഎൽഎയുടെ കഠിനാധ്വാനത്തിന്റെ ഫലമായി മൂവാറ്റുപുഴയുടെ ഓരോ സ്വപ്ന പദ്ധതികളും യാഥാർത്ഥ്യത്തിലേക്ക് എത്തുന്ന ഘട്ടത്തിൽ മാത്രമാണ് ഈ നിവേദന സംഘത്തിന് ജീവൻ വെക്കുന്നതെന്നും യുഡിഎഫ് നേതാക്കൾ കുറ്റപ്പെടുത്തി.
അധികാരം ഉപയോഗിച്ചും ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയും സമ്മർദ്ദത്തിലാക്കിയും
മുവാറ്റുപുഴയുടെ വികസനത്തിന് എതിര് നിന്നത്തോടെ മുവാറ്റുപുഴയിലെ എൽ ഡി എഫ് നേതൃത്വത്തിന്റെ മുഖം ജനങ്ങൾക്ക് മുന്നിൽ വികൃതമായെന്നും കെ എം സലിംമും കെ എം അബ്ദുൾ മജീദും കുറ്റപ്പെടുത്തി.