ബുറെവി ചുഴലിക്കാറ്റ് മൂലം എറണാകുളം ജില്ലയിലുണ്ടായേക്കാവുന്ന അപകടസാധ്യതകളും മുന്‍കരുതല്‍ നടപടികളും ചര്‍ച്ച ചെയ്യാന്‍ ജില്ലാ കലക്ടര്‍ എസ്.സുഹാസിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ജില്ലയിലെ തദ്ദേശസ്വയംഭരണ സെക്രട്ടറിമാര്‍ പങ്കെടുത്തു. മുവാറ്റുപ്പുഴ, കോതമംഗലം, കൊച്ചി താലൂക്കുകളിലെ 41 സ്വയംഭരണ സ്ഥാപനങ്ങളില്‍ ചുഴലിക്കാറ്റിന്റ പ്രഭാവമുണ്ടാകുമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്.
ഈ പ്രദേശങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ദുരിതാശ്വാസ ക്യാംപുകള്‍ തുടങ്ങാന്‍ കലക്ടര്‍ നിര്‍ദേശിച്ചു. ജില്ലയില്‍ ഓറഞ്ച് അലര്‍ട് പ്രഖ്യാപിച്ചിട്ടുള്ള വ്യാഴം, വെള്ളി ദിവസങ്ങളില്‍ വൈകിട്ട് ഏഴ് മുതല്‍ രാവിലെ ഏഴ് വരെ മലയോരമേഖലയിലേക്കുള്ള യാത്ര നിരോധിക്കാനും നിര്‍ദേശം. ജില്ലയിലെ ക്രമീകരണങ്ങള്‍ ദുരന്തനിവാരണ അതോറിറ്റി വിലയിരുത്തും.
നാലാം തീയതി രാവിലെ ചുഴലിക്കാറ്റ് തിരുവനന്തപുരം ജില്ലയുടെ തെക്കന്‍ഭാഗത്തുകൂടി കടന്നുപോകുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളവും തമിഴ്നാടും അതീവ ജാഗ്രതയില്‍. ശക്തമായ മഴയും കാറ്റും മുന്നില്‍കണ്ട് മുന്‍കരുതല്‍ നടപടിയെടുക്കാന്‍ ജില്ലാകലക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്കി.
കേരളത്തിലും തമിഴ്നാട്ടിലും കേന്ദ്രകാലാവസ്ഥാ വകുപ്പ് ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചതോടെ സസഥാന സര്‍ക്കാരുകള്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചുതുടങ്ങി. തിരുവനന്തപുരം ജില്ലയുടെ തെക്കേയറ്റത്തുകൂടി ചുഴലിക്കാറ്റ് കടന്നുപോകുമെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടല്‍. വ്യാഴാഴ്ച രാത്രിയോടെയോ വെള്ളിയാഴ്ച പുലര്‍ച്ചെക്കോ ബുറെവി കേരളത്തിലൂടെ പോകും. ഇപ്പോഴുള്ള കാലാവസ്ഥാ മുന്നറിയിപ്പനുസരിച്ച് മണിക്കൂറില്‍ 90 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനും അതിശക്തമായ മഴക്കും സഞ്ചരിച്ച് അറിബിക്കടലിലെത്തും.
തിരുവനന്തപുരം ജില്ലയിലെ 43 വില്ലേജുകളില്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് അതിശക്തമായ മഴ പ്രതീക്ഷിക്കുന്നത്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തെക്കന്‍കേരളത്തിനൊപ്പം മധ്യകേരളത്തിലും വരുന്ന മണിക്കൂറുകളില്‍ ശക്തമായ മഴകിട്ടും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്ന റെഡ് അലര്‍ട്ടാണ്. ദേശീയ ദുരന്തനിവാരണ സേനയെ എല്ലാ തെക്കന്‍ ജില്ലകളിലും ഇടുക്കിയിലും വിന്യസിച്ചു.


