തിരുവനന്തപുരം: അപായ സൂചന നല്‍കാതെ അറ്റകുറ്റപ്പണിക്കായി തുറന്നിട്ടിരുന്ന ആര്‍സിസിയിലെ ലിഫ്റ്റില്‍ കയറിയ യുവതിക്ക് ലിഫ്റ്റ് തകര്‍ന്ന് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ നാലാഴ്ചക്കകം വിശദീകരണം സമര്‍പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്.
ആര്‍സിസിയില്‍ പ്രവേശിക്കപ്പെട്ടിരുന്ന അമ്മയെ പരിചരിക്കാനെത്തിയ പത്തനാപുരം കുണ്ടയം സ്വദേശിനി നദീറ മേയ് 15 ന് പുലര്‍ച്ചെ തുറന്നിട്ടിരുന്ന ലിഫ്റ്റില്‍ കയറാന്‍ ശ്രമിക്കവെയാണ് മൂന്നാമത്തെ ലെവലില്‍ നിന്നും ഒന്നാമത്തെ ലെവലിലേക്ക് പതിച്ചതെന്ന് ജ്യോതി കുമാര്‍ ചാമക്കാല സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.
22 കാരിയായ നദീറക്ക് ആരോഗ്യ പ്രശ്നങ്ങളുള്ള ഭര്‍ത്താവും ഒരു വയസ്സുള്ള കുട്ടിയുമുണ്ട്.നിര്‍ധന കുടുംബമാണ് നദീറയുടേത്. ഗുരുതര പരിക്കുകളോടെ ചലിക്കാന്‍ കഴിയാതെ കുടുങ്ങിക്കിടന്ന നദീറയെ സുരക്ഷാ ഉദ്യോഗസ്ഥരും കാന്റീന്ജീവനക്കാരും മണിക്കൂറുകള്‍ക്ക് ശേഷമാണ് കണ്ടെത്തിയതെന്ന് പരാതിയില്‍ പറയുന്നു.
പല്ലുകള്‍ നഷ്ടപ്പെട്ടും തുടയെല്ല് തകര്‍ന്നും നട്ടെല്ലിനും തലക്കും ക്ഷതമേറ്റ നദീറയെ, തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.രണ്ടു ദിവസത്തിനകം തുടയെല്ലിലെ ശസ്ത്രക്രിയ നടത്തി.ഒരാഴ്ച കഴിഞ്ഞ് നദീറയെ മെഡിക്കല്‍ കോളേജില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത് പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തപ്പോഴേക്കും നദീറ ബോധ രഹിതയാവുകയും വീണ്ടും മെഡിക്കല്‍ കോളേജില്‍ പ്രേേവശിപ്പിച്ചു. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ മാത്രമാണ് നദീറക്ക് തലച്ചോറിന് കടുത്ത ക്ഷതം സംഭവിച്ചു എന്ന വിവരം ഡോക്ടര്‍മാര്‍ പോലും അറിഞ്ഞതെന്ന് പരാതിയില്‍ പറയുന്നു. ഇത് ഡോക്ടര്‍മാരുടെ ഭാഗത്തു നിന്നുണ്ടായ ഗുരുതര വീഴ്ചയാണെന്നും പരാതിയിലുണ്ട്..
നദീറ ഇപ്പോഴും അബോധാവസ്ഥയില്വെന്റിലേറ്ററിലാണ്. അപകടവുമായി ബന്ധപ്പെട്ട് ഇലക്ട്രിക്കല്‍ വിഭാഗത്തിലെയും സെക്യൂരിറ്റി വിഭാഗത്തിലേയും ഏതാനും ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചു എന്നതിനപ്പുറം ആര്‍സിസി ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് പരാതിയില്‍ പറയുന്നു.
അപകടം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും നദീറക്ക് തലച്ചോറിന് ക്ഷതമുണ്ടെന്ന് കണ്ടെത്താന്‍ കഴിയാത്തത് ഡോക്ടര്‍മാരുടെ അനാസ്ഥയാണ്. യഥാസമയം തലച്ചോറിലെ ക്ഷതംകണ്ടെത്തിയിരുന്നെങ്കില് നദീറയുടെ അവസ്ഥ ഇത്ര ഗുരുതരമാവുകയില്ലായിരുന്നുവെന്ന്പരാതിയില് പറയുന്നു.
അത്യാസന്ന നിലയിലുള്ള നദീറയ്ക്ക് വിദഗ്ദ്ധ ചികിത്സ ഉറപ്പുവരുത്തണമെന്നും ഇതിനുള്ള ചിലവ് സര്‍ക്കാരോ ആര്‍സിസിയോ വഹിക്കണമെന്നും പരാതിക്കാരന് ആവശ്യപ്പെട്ടു.
അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരായ മുഴുവന്‍ ആളുകള്‍ക്കെതിരെയും കൊലപാതക ശ്രമത്തിന് കേസ്സെടുക്കണമെന്നും നദീറക്ക് ചികിത്സ നല്‍കിയതില്‍ വീഴ്ചയുണ്ടായോ എന്ന് മെഡിക്കല്‍ ബോര്‍ഡിനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. ജ്യോതി കുമാര്‍ ചാമക്കാല സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.


