കൈക്കൂലി കേസ്സില്‍ വിജിലന്‍സ് അറസ്റ്റു ചെയ്ത പീരുമേട് തഹസില്‍ദാര്‍ ജൂസ് റാവുത്തറുടെ (54) ജാമ്യാപേക്ഷ മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളി. ഇടുക്കി വാഗമണ്‍ കണിശ്ശേരിയില്‍ രാധാമണി സോമന് എന്ന സ്ത്രീയില്‍ നിന്നും 20000 രൂപ കൈക്കൂലി വാങ്ങുമ്പോഴാണു ഇടുക്കി വിജിലന്‍സ് പോലീസ് ഒരുക്കിയ കെണിയില്‍ തഹസീല്‍ദാര്‍ അറസ്റ്റിലായത്. വസ്തുവിന്റെ പട്ടയം ശരിയാക്കുന്നതിന് 50000 രൂപയാണ് കൈക്കൂലിയായി തഹസീല്‍ദാര്‍ ആവശ്യപ്പെട്ടത്. മൂവാറ്റുപുഴ വിജിലന്‍സ് ജഡ്ജി ജോബിന് സെബാസ്റ്റ്യനാണ് ജാമ്യാപേക്ഷ തള്ളിയത്.
‘സര്‍ക്കാര്‍ ജോലി കൊണ്ടു അനുഗ്രഹീതനായ തഹസീല്‍ദാര്‍ ദുരിതത്തില്‍ കഴിയുന്ന കൃഷിക്കാരിയായ സ്ത്രീയോട് കൈകൂലി ആവശ്യപ്പെട്ടതും വാങ്ങിയതും നിസാര കുറ്റമല്ല. വ്യക്തികളുടെ സ്വകാര്യതാല്‍പ്പര്യവും സമൂഹത്തിന്റെ പൊതുതാല്‍പ്പര്യവും തുലനം ചെയ്യുമ്പോള്‍ സമൂഹത്തിന്റെ താല്‍പ്പര്യത്തിനാണ് മുന്‍ഗണന നല്‍കേണ്ടത്. അഴിമതില്‍ സമൂഹത്തെ ബാധിച്ചിരിക്കുന്ന ക്യാന്‍സറാണ്’. പ്രതിയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടു വിജിലന്‍സ് ജഡ്ജി പറഞ്ഞു.
മാര്‍ച്ച് 9 വരെ തഹസീല്‍ദാര്‍ ജൂസ് റാവുത്തറെ മൂവാറ്റുപുഴ സബ് ജയിലിലേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തു.


