കോതമംഗലം: കോതമംഗലം ആറിന് കുറുകെയായി വാരപ്പെട്ടി പഞ്ചായത്തിനെ കൊച്ചി- ധനുഷ്കോടി ദേശിയ പാതയുമായും കോതമംഗലം മുനിസിപ്പാലിറ്റിയിലെ കറുകടം അമ്പലംപടിയുമായി ബന്ധിപ്പിക്കുന്ന നടുക്കുടി പാലത്തിന് (പി.എം.ജി.എസ്.വൈ, ഫേസ് 3, പാക്കേജ് നം. കെ.ആര്.02 33-ബി) ഡല്‍ഹി നാഷണല്‍ റൂറല്‍ റോഡ് ഡവലപ്പ്മെന്റ് ഏജന്‍സി 3.64 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഡീന്‍ കുര്യാക്കോസ് എം.പി. അറിയിച്ചു. ടെന്‍ഡര്‍ പൂര്‍ത്തീകരിച്ച് ഒരു വര്‍ഷത്തിനകം പാലം നിര്‍മ്മാണം പൂര്ത്തികരിയ്ക്കുവാന് കഴിയുമെന്നും എം.പി. അറിയിച്ചു.
8.50 മീറ്റര്‍ വീതിയിലും 20 മീറ്റര്‍ നീളത്തില്‍ 3 സ്പാനുകളായി 60.7 മീറ്റര്‍ നീളത്തിലുള്ള പാലത്തിന് ഗതാഗതത്തിനായി 5.50 മീറ്റര്‍ വീതിയാണ് നല്‍കിയിരിക്കുന്നത്. കറുകടം- അമ്പലംപടി- സംഗമം കവല ഏറാബ്ര റോഡ്- പിടവൂര്‍ വഴി കോഴിപ്പിള്ളി പാറശ്ശാലപ്പടി 7.50 കിമി റോഡ് നേരത്തെ (ഫേസ് 02) 5 വലര്ഷ ഗ്യാരന്റിയോട് കൂടി ഉന്നത നിലവാരത്തില്‍ ടാറിംങ്ങ് പൂര്‍ത്തീകരിച്ചിരുന്നു.
റോഡിനും നടുക്കുടികടവ് പാലത്തിനും പി.എം.ജി.എസ്.വൈ, ഫേസ് 02 നിര്‍ദ്ദേശം സമര്‍പ്പിക്കപ്പെട്ടിട്ട് റോഡ് പൂര്‍ത്തീകരിക്കുകയും എന്നാല്‍ കഴിഞ്ഞ 07 വര്‍ഷമായി പാലത്തിന്റെ ഭരണാനുമതി തടസ്സപ്പെട്ടു കിടക്കുകയുമായിരുന്നു. രാജ്യത്ത് പി.എം.ജി.എസ്.വൈ ഫേസ് 02 പദ്ധതി പൂത്തീകരിക്കുകയും ഫേസ് 03 കഴിഞ്ഞ ഒക്ടോബറില്‍ തുടങ്ങുകയും ചെയ്ത സാഹചര്യത്തില്‍ എന്‍.ആര്.ആര്.ഡി.എ ഈ പദ്ധതി റദ്ദ് ചെയ്യുകയും ചെയ്തതോടെ ഡീന്‍ കുര്യാക്കോസ് എം.പി കേന്ദ്ര ഗ്രാമവികസന വകുപ്പ് മന്ത്രി നരേന്ദ്ര സിംഗ് തോമറുമായി നേരിട്ട് കണ്ട് ഈ തീരുമാനം പുനപ്പരിശോധിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം നാഷണല്‍ റോഡ് ഡെവലപ്മെന്റ് ഏജന്‍സിയുടെ ഡയറക്ടര്‍ക്ക് പ്രത്യേക നിര്‍ദ്ദേശം നല്‍കുകയും അതിന്റെ അടിസ്ഥാനത്തില്‍ നടുക്കുടി പാലത്തിന് ഭരണാനുമതി ലഭിക്കുകയും ചെയ്യുകയായിരുന്നെന്ന് എംപി അറിയിച്ചു. ഈ പാലം യാഥാര്‍ത്യമാകുമ്പോള്‍ പൈങ്ങോട്ടൂര്‍, പോത്താനിക്കാട്, പല്ലാരിമംഗലം, വാരപ്പെട്ടി പ്രദേശങ്ങളിലുള്ളവര്‍ക്ക് എന്‍.എച്ച് വഴി എളുപ്പത്തില്‍ എറണാകുളം, കോതമംഗലം ഭാഗങ്ങളിലേക്ക് എത്തിച്ചേരാന്‍ കഴിയുമെന്നും എം.പി. പറഞ്ഞു.


