തിരുവനന്തപുരം: സംസ്ഥാനത്തെ മികച്ച നിയമസഭാ സാമാജികനുള്ള ജവഹര്‍ലാല്‍ നെഹ്റു കള്‍ച്ചറല്‍ സൊസൈറ്റിയുടെ ജവഹര്‍ പുരസ്കാര്‍ വര്‍ക്കല എംഎല്‍എ വി. ജോയ്ക്ക് ലഭിച്ചു. ആരോഗ്യ ചികിത്സാ രംഗത്തും വിദ്യാഭ്യാസ രംഗത്തും കുടിവെള്ള പദ്ധതിക്കും റോഡുകളുടെ വികസനത്തിനും ഊന്നല്‍ നല്കി മണ്ടലത്തില്‍ നടത്തിയ സമഗ്ര വികസന പ്രവര്‍ത്തനങ്ങളും വര്‍ക്കലയുടെ വികസന പ്രവര്‍ത്തനങ്ങളില്‍ നടത്തിയ വേറിട്ട ഇടപെടലുകളും കൂടി പരിഗണിച്ചാണ് ജോയിയെ അവാര്‍ഡിന് തിരഞ്ഞെടുത്തത്.
തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മന്ത്രി സജി ചെറിയാന് പുരസ്കാരം സമ്മാനിച്ചു. മന്ത്രി റോഷി അഗസ്റ്റിന് മുഖ്യ പ്രഭാക്ഷണം നടത്തി. ഐ.ബി. സതീഷ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജോബ് മൈക്കിള്‍ എംഎല്‍എ, സംസ്ഥാന ശിശുക്ഷേമ സമിതി ജ.സെക്രട്ടറി അഡ്വ. ജി.എന്‍. അരുണ്‍ ഗോപി, സി.ഡബ്യുസി ചെയര്‍പേഴ്സണ്‍ അഡ്വ. ഷാനിഫാ ബീഗം എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. സൊസൈറ്റി പ്രസിഡന്റ് പൂവച്ചല്‍ സുധീര്‍ സ്വാഗതവും സെക്രട്ടറി ഷമീജ് കാളികാവ് നന്ദിയും പറഞ്ഞു.
തിരൂരങ്ങാടി മുനിസിപ്പല്‍ ചെയര്മാന് കെ പി മുഹമ്മദ് കുട്ടി, ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം സലിം, വളവന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിസി നജ്മത്ത്, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അംഗം സിപിഐ ഷിജു, തിരുവനന്തപുരം കോര്പ്പറേഷന് അംഗം പാളയം രാജന്, നിലമ്പൂര്‍ നഗരസഭ കൗണ്‍സിലര്‍ പി എം ബഷീര്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗം ജഷീര്‍ പള്ളിവായല്‍, മഞ്ഞള്ളൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടോമി താന്നിട്ടാംമാക്കന് തുടങ്ങിയ ജനപ്രതിനിധികള്‍ക്കുള്ള പുരസ്കാരങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു.