ഇടുക്കിയില്‍ പീഡനത്തിനിരയായി ആത്മഹത്യക്ക് ശ്രമിച്ച പതിനേഴുകാരി മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
ഒക്ടോബര്‍ 22നാണ് സംഭവം നടന്നത്. വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്താണ് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആദ്യം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയെ ആരോഗ്യനില മോശമായതോടെ കോട്ടയം മെഡിക്കല്‍ കോളജിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ആത്മഹത്യാ ശ്രമത്തിനിടെ പെണ്‍കുട്ടിക്ക് 65 ശതമാനം പൊള്ളലേറ്റിരുന്നു.
പെണ്‍കുട്ടി പീഡനത്തിന് ഇരയായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അയല്‍വാസിയായ യുവാവിനെതിരെ പരാതി നല്കി. സംഭവത്തില്‍ നരിയമ്പാറ സ്വദേശി മനു മനോജിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡിവൈഎഫ്ഐ പ്രവര്‍ത്തകനായിരുന്ന മനുവിനെ സംഭവത്തിന് ശേഷം സംഘടനയില്‍ നിന്ന് പുറത്താക്കിയിരുന്നു.


