തിരുവനന്തപുരം നഗരസഭയിലെ നിയമനകത്ത് വിവാദം അവസാനിക്കുന്നു. സമവായമായതിനെത്തുടര്‍ന്ന് പ്രതിഷേധത്തില്‍ നിന്ന് പ്രതിപക്ഷം പിന്മാറി. ഡിആര്‍ അനില്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് സ്ഥാനം രാജിവയ്ക്കുമെന്ന ഫോര്‍മുല പ്രതിപക്ഷം അംഗീകരിക്കുകയായിരുന്നു. ഡി ആര് അനിലിനെ സ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്തുമെന്ന് മന്ത്രി എംബി രാജേഷ് അറിയിച്ചു. കത്ത് വിവാദത്തില്‍ മന്ത്രി എം ബി രാജേഷിന്റെ അധ്യക്ഷതയിലുള്ള പ്രതിപക്ഷ കക്ഷി നേതാക്കളുടെ ചര്‍ച്ചയിലാണ് ഇക്കാര്യം അറിയിച്ചത്. മന്ത്രി എം ബി രാജേഷ്, വി ശിവന്‍കുട്ടി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ചര്‍ച്ച നടന്നത്. കൗണ്‍സിലില്‍ പ്രതിനിധ്യമുള്ള നേതാക്കളും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.
താന്‍ കത്തെഴുതിയെന്ന് ഡി ആര് അനില്‍ സമ്മതിച്ച സാഹചര്യത്തിലാണ് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി സ്ഥാനത്തു നിന്ന് അദ്ദേഹത്തെ നീക്കിയത്. മറ്റ് ഭരണപരമായ പ്രശ്നങ്ങള്‍ മന്ത്രി വി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ പരിഹരിക്കാനും പ്രതിപക്ഷ പാര്‍ട്ടികളുമായി ധാരണയിലെത്തിയതായി ചര്‍ച്ചകള്‍ക്കു ശേഷം മന്ത്രി എം ബി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു.
പ്രതിപക്ഷം ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടതായി പാലോട് രവി മാധ്യമങ്ങളോട് പറഞ്ഞു. സമരപരിപാടികള്‍ അവസാനിപ്പിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യകരമായ ചര്‍ച്ചയാണ് ഇന്ന് നടന്നതെന്ന് വി വി രാജേഷും പറഞ്ഞു. നഗരസഭയുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമാകണമെന്ന നിലപാടില്‍ നിന്ന് പിന്നോട്ടില്ല. എന്നാല്‍ കോര്പറേഷന് മുന്നില്‍ ബിജെപി നടത്തുന്ന സമരം അവസാനിപ്പിക്കുമെന്ന് വി വി രാജേഷ് പറഞ്ഞു.
ജനുവരി 7ലെ ഹര്‍ത്താല്‍ പിന്‍വലിക്കുന്നത് സംസ്ഥാന നേതൃത്വവുമായി ആലോചിച്ച് തീരുമാനിക്കുമെന്നും വി വി രാജേഷ് വ്യക്തമാക്കി. മേയര്‍ക്കെതിരായ ഹര്‍ജി ഹൈക്കോടതിയില്‍ ഉള്ളതിനാല്‍ അക്കാര്യത്തില്‍ സാവകാശം വേണമെന്ന സര്‍ക്കാര്‍ ആവശ്യം അംഗീകരിക്കുന്നുവെന്ന് ഡിസിസി പ്രസിഡന്റ് പാലോട് രവി പറഞ്ഞു.


