തിരുവനന്തപുരം: കവിത മോഷണത്തെ പറ്റിയുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്.
ഏഴ് വര്‍ഷം മുമ്പ് ഒരാള്‍ എഴുതി പ്രസിദ്ധീകരിക്കപ്പെട്ട കവിതയാണ് വിവാദതത്തിന് അടിസ്ഥാനം. എഴുത്തുകാരിയും അധ്യാപികയുമായ ദീപാ നിശാന്തിനെതിരെയാണ് കവിയും മാധ്യമപ്രവര്‍ത്തകനുമായ എസ് കലേഷ് ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. എകെപിസിറ്റിഎ യുടെ ജേര്‍ണലിലാണ് ദീപാ നിശാന്തിന്റെ പേരില്‍ കലേഷിന്റെ കവിത അച്ചടിച്ചു വന്നത്.
2011 ല്‍ അങ്ങനെയിരിക്കെ മരിച്ചു പോയി ഞാന്‍/നീ എന്ന കവിത തന്റെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചതായി തെളിവ് സഹിതം എസ് കലേഷ് വെളിപ്പെടുത്തുന്നുണ്ട്. ചില വരികള്‍ അതേപടിയും ചിലയിടങ്ങളില്‍ വികലമാക്കിയുമാണ് തന്റെ കവിത പ്രസിദ്ധീകരിച്ചിരിക്കുന്നതെന്ന് കലേഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു. ഇതേ കവിത മാധ്യമം ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു വരികയും പിന്നീട് ഇതിന്റെ ഇംഗ്ലീഷ് തര്‍ജ്ജമ ഇന്ത്യന്‍ ലിറ്ററേച്ചര്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ച് വന്നതായും എസ് കലേഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഈ കവിത ശബ്ദമഹാസമുദ്രം എന്ന സമാഹാരത്തിലും ഉള്‍പ്പെടുത്തിയിരുന്നു.
ഒരു സര്‍വ്വീസ് മാസികയുടെ താളില്‍ ഒരു കവിത മോഷ്ടിച്ച് നല്കി എഴുത്തുകാരിയാകാന്‍ മോഹിക്കുന്ന ആളാണ് ഞാനെന്ന് വിശ്വസിക്കുന്നവര്‍ അങ്ങനെ വിശ്വസിക്കുക എന്നായിരുന്നു ദീപാ നിശാന്തിന്റെ പ്രതികരണം. തന്റെ ആദ്യത്തെയും അവസാനത്തെയും വിശദീകരണമാണിതെന്ന് പറഞ്ഞ ദീപ പിന്നീട് ഈ വിഷയത്തില്‍ പ്രതികരിച്ചതേയില്ല.
എന്നാല്‍ ദീപാ നിശാന്ത് തന്നെയാണ് കവിത പ്രസിദ്ധീകരിക്കുമോ എന്ന ചോദ്യത്തോടെ വാട്ട്സ് ആപ്പില്‍ കവിത അയച്ചു തന്നതെന്ന് എകെപിസിറ്റിഎയുടെ എഡിറ്റോറിയല്‍ ബോര്‍ഡ് വെളിപ്പെടുത്തിയിരുന്നു. കവിത കലേഷിന്റേതെന്ന് സോഷ്യല്‍ മീഡിയ ഉറപ്പിച്ചു പറഞ്ഞ സാഹചര്യത്തിലാണ് എകെപിസിറ്റിഎ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം രാജേഷ് എംആര്‍ ആണ് ദീപയുടെ കവിത എത്തിച്ചതെന്ന് ജേര്‍ണല്‍ എഡിറ്റര്‍ സണ്ണി വിഷയത്തില്‍ ഔദ്യോഗിക വിശദീകരണം നല്‍കിയിരുന്നു. ഓഗസ്റ്റ് പതിനഞ്ചിനാണ് പ്രസ്തുത കവിത അയച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഇതിനിടയില്‍ സാമൂഹ്യ നിരീക്ഷകനും പ്രാസംഗികനുമായ എംജെ ശ്രീചിത്രനാണ് ദീപ നിശാന്തിന് കവിത പകര്‍ത്തി നല്‍കിയതെന്ന ആരോപണവും ഉയര്‍ന്നു വന്നിരുന്നു. മലയാളം അധ്യാപികയായ ദീപാ നിശാന്തിന് കവിത എഴുതിക്കൊടുക്കേണ്ട ആവശ്യം തനിക്കില്ല എന്നായിരുന്നു വിഷയത്തില്‍ ശ്രീചിത്രന്റെ പ്രതികരണം. വ്യക്തിഹത്യയ്ക്കുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ശ്രീചിത്രന് പറഞ്ഞിരുന്നു.

