നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടിയാണ് ഹൈക്കോടതിയെ സമീപിച്ചത്. അതിനിടെ വിചാരണക്കോടതിക്കെതിരെ സര്‍ക്കാരും രംഗത്തെത്തി.
പരാതിക്കാരിയുടെ ആക്ഷേപങ്ങള്‍ കോടതി പരിഗണിച്ചില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പ്രതികള്‍ക്ക് നല്കുന്ന രേഖകള്‍ പ്രോസിക്യൂഷന് ലഭിക്കുന്നില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. പരാതികള്‍ എന്തുകൊണ്ട് വിചാരണ കോടതിയെ അറിയിച്ചില്ലെന്ന് ഹൈക്കോടതി ചോദിച്ചു. പരാതികള്‍ വിചാരണക്കോടതിയില്‍ തന്നെ ബോധിപ്പിച്ചതാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഹര്‍ജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റിയ കോടതി, വിശദമായ സത്യവാങ്മൂലം മുദ്രവച്ച കവറില്‍ സമര്‍പ്പിക്കാനും ഉത്തരവിട്ടു.
വിചാരണക്കോടതിയുടെ നടപടികള്‍ ശത്രുതാപരവും പക്ഷപാതപരവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടി ഹൈക്കോടതിയെ സമീപിച്ചത്. വിസ്താരത്തിന്റെ പേരില്‍ കോടതി മുറിയില്‍ പ്രധാന പ്രതിയുടെ അഭിഭാഷകന് തന്നെ മാനസികമായി പീഡിപ്പിച്ചപ്പോള്‍ കോടതി നിശബ്ദമായി നിന്നു. പല സുപ്രധാന മൊഴികളും കോടതി രേഖപ്പെടുത്തിയില്ല എന്ന ഗുരുതര ആക്ഷേപവും ഹര്‍ജിയിലുണ്ട്. എട്ടാം പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന് നല്കിയ ഹര്‍ജിയില്‍ കോടതി ഒരു തീരുമാനവും എടുത്തില്ലെന്നും പ്രോസിക്യൂഷന് ആവര്‍ത്തിച്ച് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്നും നടി ആരോപിച്ചു.


