ആലപ്പുഴ: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചവര്‍ വിഷയത്തില്‍ തീരുമാനം പറയുമെന്ന് രമേശ് ചെന്നിത്തല.തങ്ങള്‍ക്കാര്‍ക്കും ക്ഷണം ലഭിച്ചിട്ടില്ല. ക്ഷണം ലഭിച്ചാലല്ലേ അതിനെ കുറിച്ച് പറയേണ്ടതുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.എന്നാല്‍ ഇങ്ങനെയുള്ള കാര്യം രാഷ്ട്രീയ വല്‍ക്കരിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അത് ദൗര്‍ഭാഗ്യകരമാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
നേരത്തെ, അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കരുതെന്നാണ് കേരളഘടകത്തിന്റെ നിലപാടെന്നും ഇത് പാര്‍ട്ടി ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും മുരളീധരൻ പ്രതികരിച്ചിരുന്നു. എന്നാല്‍ മുരളീധരനെ തള്ളി പിന്നീട് സുധാകരൻ രംഗത്തെത്തിയിരുന്നു.
ബാബറി മസ്ജിദ് തകര്‍ത്ത് രാമക്ഷേത്രം നിര്‍മിച്ച് ഉദ്ഘാടനം ചെയുന്ന ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കരുത്. ചടങ്ങിലേക്കുള്ള ക്ഷണം കോണ്‍ഗ്രസ് പൂര്‍ണമായി നിരാകരിക്കണമെന്നായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന് അഭിപ്രായപ്പെട്ടത്.
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാൻ സമയം തരണമെന്നാണ് കോണ്‍ഗ്രസ് പ്രവര്ത്തകസമിയംഗവും എംപിയുമായ ശശി തരൂര്‍ ആവശ്യപ്പെട്ടത്.
സിപിഎമ്മിന്റെയും ബിജെപിയുടെയും പ്രത്യയശാസ്ത്രമല്ല കോണ്‍ഗ്രസിന്. സിപിഎമ്മിന് മതവിശ്വാസമില്ലാത്തതില് ഈ വിഷയത്തില്‍ അവര്‍ക്ക് വേഗത്തില്‍ തീരുമാനമെടുക്കാൻ കഴിയും. എന്നാല്‍ കോണ്‍ഗ്രസിന് തീരുമാനമെടുക്കാൻ സമയം വേണമെന്നും തരൂര്‍ പ്രതികരിച്ചു.
എന്നാല്‍ അയോധ്യാ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോണ്‍ഗ്രസിനുള്ളിലെ ആശയക്കുഴപ്പത്തിനെതിരേ മന്ത്രി മുഹമ്മദ് റിയാസ് രംഗത്തെത്തി. കോണ്‍ഗ്രസ് തകര്‍ന്നോ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് അവരുടെ ഈ നിലപാടെന്ന് അദ്ദേഹം പരിഹസിച്ചു.