മുട്ടില്‍ മരംമുറിക്കേസ് പ്രതികളും പൊലീസുമായി കോടതിയില്‍ വാക്കു തര്‍ക്കം. അമ്മയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കണമെന്നും പക്ഷേ പൊലീസ് ഒപ്പം പാടില്ലെന്നുമാണ് പ്രതികള്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. ഇത് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
ബത്തേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം മുഖ്യ പ്രതികളായ റോജി അഗസ്റ്റിന്, ആന്റോ അഗസ്റ്റിന്, ജോസുകുട്ടി അഗസ്റ്റിന്, ഡ്രൈവര്‍ വിനീഷ് എന്നിവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിരുന്നു.
പ്രതികള്‍ പൊലീസിനോട് കോടതി പരിസരത്ത് നിന്ന് കയര്‍ത്തതോടെ ബലം പ്രയോഗിച്ച് വാഹനത്തില്‍ കയറ്റിക്കൊണ്ട് പോകുകയായിരുന്നു. അന്വേഷണ സംഘം പിന്നീട് കസ്റ്റഡി അപേക്ഷ നല്‍കും.
വിവിധ പ്രദേശങ്ങളില്‍ പൊലീസ് തിരച്ചില്‍ നടത്തുമ്പോഴും പൊലീസിന്റെ മൂക്കിന് താഴെ തന്നെ മുട്ടില്‍ മരം മുറി കേസ് പ്രതികളുണ്ടായിരുന്നു. ഇന്നലെ രാവിലെ അമ്മയുടെ മരണ വിവരമറിഞ്ഞ് എറണാകുളത്ത് നിന്നാണ് മൂവരും വയനാട്ടിലേക്ക് തിരിച്ചത്. പിന്തുടര്ന്നെങ്കിലും പാലിയേക്കരയില്‍ വച്ച് പൊലീസിനെ വെട്ടിച്ച് ഇവര്‍ കടന്നു കളഞ്ഞു.
കുറ്റിപ്പുറം പാലത്തിന് സമീപത്ത് നിന്ന് സിഐയുടെ നേതൃത്വത്തിലുള്ള സംഘം പിന്നീട് പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികളെ അഞ്ചര മണിയോടെ ആലുവ പൊലീസ് ക്ലബില്‍ എത്തിച്ചു. എഡിജിപി എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘം ചോദ്യം ചെയ്തു. ഇവരുടെ ഡ്രൈവര്‍ വിനീഷിനും കേസില്‍ പങ്കുണ്ടെന്നും ഇയാളുടെ അറസ്റ്റ് കൂടി രേഖപെടുത്തിയെന്ന് എഡിജിപി എസ് ശ്രീജിത്ത് പറഞ്ഞു. പ്രതികള്‍ക്ക് കൂടുതല്‍ കേസുകളില്‍ പങ്കുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.


