തിരുവനന്തപുരം: കാസര്‍ഗോഡ് മണ്ഡലത്തില്‍ മൂന്നു കള്ളവോട്ട് നടന്നുവെന്ന് സ്ഥിരീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. പിലാത്തറ എയുപി സ്കൂളിലെ 19-ാം നമ്ബര്‍ ബൂത്തിലാണ് കള്ളവോട്ട് നടന്നത്. പഞ്ചായത്തംഗം എം.പി.സലീന, കെ.പി.സുമയ്യ, പദ്മിനി എന്നിവര്‍ രണ്ടുവട്ടം വോട്ട് ചെയ്തുവെന്നും തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.

സലീനയും മുന്‍ അംഗമായ സുമയ്യയും ബൂത്ത് നമ്ബര്‍ 19ലെ വോട്ടര്‍മാരല്ലെന്നും ടിക്കാറാം മീണ അറിയിച്ചു. മൂന്നു പേര്‍ക്കുമെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ വരണാധികാരിക്ക് നിര്‍ദേശം നല്കി. സലീനയുടെ പഞ്ചായത്ത് അംഗത്വം റദ്ദാക്കാനും കമ്മീഷന് ശുപാര്‍ശ ചെയ്തു.
ഓപ്പണ്‍ വോട്ടാണ് നടന്നതെന്ന വാദം ടിക്കാറാം മീണ തള്ളി. ഓപ്പണ്‍ വോട്ടാണ് ചെയ്തതെന്ന സിപിഎം വാദം വസ്തുതാവിരുദ്ധമെന്ന് ടിക്കാറാം മീണ പറഞ്ഞു. ചട്ടത്തില്‍ കംപാനിയന് വോട്ട് മാത്രമേയുള്ളു. കംപാനിയന് വോട്ടിന് വോട്ടര്‍ ഒപ്പമുണ്ടാകണമെന്നാണ് ചട്ടമെന്നും തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.
പ്രിസൈഡിംഗ് ഓഫീസര്‍ ചട്ടങ്ങള്‍ പാലിച്ചില്ലെന്നും ടിക്കാറാം മീണ പറഞ്ഞു. വീഴ്ച്ച വരുത്തിയ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ജില്ലാ കളക്ടര്‍മാര്‍ അന്വേഷണം നടത്തണം. സംഭവത്തില്‍ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കുമെന്നും ടിക്കാറാം മീണ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കള്ളവോട്ട് ചെയ്യാന്‍ സഹായിച്ചത് എല്‍ഡിഎഫ് ബൂത്ത് ഏജന്റെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. കള്ളവോട്ടിന് വഴിയൊരുക്കിയ ബൂത്ത് ഏജന്റിനെതിരെയും നടപടി എടുക്കും. കള്ളവോട്ട് സംബന്ധിച്ച എല്ലാ പരാതികളും അന്വേഷിക്കും. റീ പോളിംഗിനെ കുറിച്ച് തീരുമാനിക്കേണ്ടത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും ടിക്കാറാം മീണ പറഞ്ഞു.


