കാഞ്ഞങ്ങാട് : ബങ്കളം സ്ക്വാഡിന്റെ സുരക്ഷിത കരങ്ങളിലാണ് കാഞ്ഞങ്ങാട്ടെ ബങ്കളം ഗ്രാമം. ഇവരുടെ കണ്ണുവെട്ടിച്ച് ഗ്രാമത്തിന്റെ അതിര്‍ത്തിക്കുള്ളിലേക്ക് ഇനി മയക്കുമരുന്ന് എത്തില്ല. ബങ്കളം വാർഡിൻറെ കണ്ണു വെട്ടിച്ച് ആരെങ്കിലും മയക്കുമരുന്നുമായി ഗ്രാമത്തിലെത്തിയാല് പോലീസിന്റെ കൈകളിലകപ്പെടാന് അധികനേരം വേണ്ടിവരില്ല. ഗ്രാമത്തിന്റെ എല്ലാഭാഗത്തും അഞ്ചുവീതം അംഗങ്ങളുള്ള സ്ക്വാഡിനെയാണ് നിയോഗിച്ചിരിക്കുന്നത്.
ആദ്യഘട്ടത്തില്‍ പത്ത് സ്ക്വാഡുകളാണ് രൂപവത്കരിച്ചത്. മടിക്കൈ പഞ്ചായത്തിലെ പത്താം വാര്‍ഡാണ് ബങ്കളം. പഞ്ചായത്തംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ വി. പ്രകാശന് തോന്നിയ ആശയം സിപിഎമ്മിന്റെ വിവിധ ഘടകങ്ങളിലും പഞ്ചാ യത്തിന്റെയും ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. പോലീസും എക്സൈസുമെല്ലാം ഈ സ്ക്വാഡിനൊപ്പമുണ്ട്.
മയക്കുമരുന്നിനെതിരേയുള്ള പോരാട്ടം എങ്ങനെയാകണമെന്നതിനെക്കുറിച്ച് ഇവര്‍ക്ക് അധികൃതര്‍ ബോധവത്കരണം നല്‍കും. ഓരോ അംഗത്തിനും ബാഡ്ജ് നല്‍കും. കാ ഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത് ഉള്‍പ്പെടെയുള്ളവര്‍ ശക്തമായ പിന്തുണയാണ് ഇവര്‍ക്ക് നല്‍കുന്നത്.
മയക്കുമരുന്നിനെതിരേയുള്ള പോരാട്ടം ശക്തമാക്കുന്നതിനൊപ്പം മദ്യത്തിനെതിരേയുള്ള ബോധവത്കരണവും ഇവര്‍ നടത്തും. ഓരോ വീടുകളിലും കയറിയിറങ്ങി ബോധവത്കരിക്കും. മയക്കുമരുന്നിനെതിരേ സ്കൂളുകളില്‍ ബോധവത്കരണവും പ്രവര്‍ത്തനവും ശക്തിപ്പെടുത്താന്‍ അധ്യാപക-രക്ഷാകര്‍തൃ സമിതി അംഗങ്ങളുമായും കൈ കോര്‍ക്കും.
ഇങ്ങനെയൊരു ആശയം മുന്നോട്ടുവച്ച പ്പോള്‍ തന്നെ വലിയ സ്വീകാര്യതയാണ് ലഭിച്ചതെന്ന് പഞ്ചായത്ത് വൈസ് പ്രസിഡൻ്റും വാർഡ് അംഗവുമായ വി പ്രകാശൻ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീതയുള്പ്പെടെയുള്ളവരും പോലീസുമെല്ലാം വലിയ പിന്തുണ നല്കി.
ബങ്കളം ഗ്രാമത്തില്‍ മയക്കുമരുന്നിനെതിരേയുള്ള സ്ക്വാഡ് പ്രവര്‍ത്തനം മാതൃകയാണെന്ന് അഡീഷണല്‍ ജില്ലാ പോലീസ് മേധാവി പി. ബാലകൃഷ്ണൻ നായർ പറഞ്ഞു.നേരത്തെ കാഞ്ഞങ്ങാട് കൊളവയലില്‍ ജനം ഒറ്റക്കെട്ടായി രംഗത്തിറങ്ങിയപ്പോള്‍ ആ പ്രദേശമൊട്ടാകെ ലഹരിവിമുക്തമായതും അദ്ദേഹം ചൂണ്ടിക്കാട്ടി.