കണ്ണൂര്‍: മാഹിയില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മദ്രസ്സാ അദ്ധ്യാപകന് പിടിയില്‍. കര്‍ണാടക ഹോഡവാട സ്വദേശി അബ്ദുള്‍ റഷീദിനെയാണ് പള്ളൂര്‍ എസ്ഐ.സെന്തില്‍കുമാറും സംഘവും പിടികൂടിയത്. ജനുവരി 26 ന് പള്ളൂരിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ചാലക്കരയിലെ കൂലോത്ത് മദ്രസയിലെ അദ്ധ്യാപകനായിരുന്നു അബ്ദുള്‍റഷീദ്.
മദ്രസ്സയിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ ശുചി മുറിയില്‍ കൂട്ടികൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. വിദ്യാര്‍ത്ഥി രക്ഷിതാക്കളെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഇവര്‍ പള്ളൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു.
എന്നാല്‍, പരാതി ലഭിച്ചയുടനെ പൊലീസ് ഇയാള്‍ക്കെതിരെ ശക്തമായ അന്വേഷണം നടത്തിയിരുന്നു. എന്നാല്‍, ഇയാള്‍ കര്‍ണാടകയില്‍ ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പള്ളൂര്‍ എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം കര്‍ണാടകയിലെത്തിയാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് അധികൃതര്‍ പറഞ്ഞു.


