തിരുവനന്തപുരം: സിപിഎം ജില്ലാക്കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ മുന്‍ ഡിസിപി ചൈത്ര തെരേസ ജോണിനെതിരെ നടപടി സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.ചൈത്രയ്ക്ക് വീഴ്ചപറ്റിയില്ല, ജാഗ്രതക്കുറവ് മാത്രം എന്നാണ് റിപ്പോര്‍ട്ട്. ശിപാര്ശകളൊന്നുമില്ലാതെയാണ് ബെഹ്റ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറിയത്.
എഡിജിപി മനോജ് എബ്രഹാം തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറിയത്. ഈ റിപ്പോര്‍ട്ടില്‍ ചൈത്രക്കെതിരെ നടിപടിയൊന്നും ശുപാര്‍ശ ചെയ്തിരുന്നില്ല. നിയമപരമായ നടപടി മാത്രമാണ് അവരുടെ ഭാഗത്തു നിന്ന് ഉണ്ടായതെന്നും റിപ്പോര്‍ട്ടില്‍ വ്യക്മാക്കിയിരുന്നുവെന്നാണ് വിവരം. വിഷയത്തിലെ പൊലീസ് നടപടി നിയമസഭയിലും ചര്‍ച്ചാ വിഷയമായിരുന്നു.
റെയ്ഡിനെ മുഖ്യമന്ത്രി പിണറായി വിജയന് അതിരൂക്ഷമായാണ് വിമര്‍ശിച്ചത്. രാഷ്ട്രീയ പ്രവര്‍ത്തകരെ ഇകഴ്ത്തിക്കാട്ടാന്‍ സമൂഹത്തിന്റെ പലഭാഗങ്ങളിലും ശ്രമം നടക്കുന്നുണ്ടെന്നും ആ ശ്രമത്തിന്റെ ഭാഗമാണ് സിപിഐഎം ഓഫീസില്‍ നടന്ന റെയ്ഡെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. പാര്‍ട്ടി ഓഫീസുകളില്‍ സാധാരണ റെയ്ഡ് നടക്കാറില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പാര്‍ട്ടി ഓഫീസുകള്‍ ജനാധിപത്യത്തിന്റെ ഭാഗമാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു. റെയ്ഡിനു പിന്നാലെ ചൈത്രയെ ഡിസിപി ചുമതലകളില്‍ നിന്ന് മാറ്റിയ നടപടിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തിയിരുന്നു.


