തിരുവനന്തപുരം: സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ എസ്പി ചൈത്ര തെരേസക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ഡിജിപിക്ക് കൈമാറും. എഡിജിപി മനോജ് എബ്രഹാമാണ് അന്വേഷണം നടത്തിയത്. അന്വേഷണ റിപ്പോര്‍ട്ടില്‍ ചൈത്രക്കെതിരെ കടുത്ത ശുപാര്‍ശകളൊന്നും ഉണ്ടാകില്ലെന്നാണ് സൂചന. നടപടികളെല്ലാം പാലിച്ചുള്ള പരിശോധനയായതിനാല്‍ കടുത്ത നടപടിയൊന്നും ഉദ്യോഗസ്ഥക്കെതിരെ എടുക്കാനാവില്ല.
എന്നാല്‍, ചൈത്രക്കെതിരെ കടുത്ത നടപടി വേണമെന്നാണ് സിപിഎം ജില്ലാ നേതൃത്വത്തിന്റെ ആവശ്യം. മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷന് ആക്രമണ കേസിലെ പ്രതികള്‍ പാര്‍ട്ടി ഓഫീസിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്നാണ് ചൈത്ര എഡിജിപി മനോജ് എബ്രഹാമിന് നല്കിയ വിശദീകരണം. മുഖ്യപ്രതികളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പെട്ടെന്നുള്ള തീരുമാനമെന്നും വിശദീകരണത്തില്‍ പറയുന്നുണ്ട്.

