തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേേസില്‍ പ്രതികരണവുമായി കോൺഗ്രസ് മുതിർന്ന നേതാവ് എം എം ഹസ്സൻ. രാഹുൽ വിഷയത്തിൽ പൊലീസ് നിയമനടപടി സ്വീകരിക്കട്ടെയെന്ന് എം എം ഹസ്സൻ പറഞ്ഞു. രാഹുലിനെതിരെ പാർട്ടി നടപടി എടുത്തതാണ്. നിയമനടപടിക്ക് പാർട്ടിയോ രാഹുലോ തടസ്സം നിൽക്കില്ല. പരാതി നൽകാൻ മൂന്ന് മാസത്തെ കാലതാമസം എന്തിനാണ്. അതിജീവിതക്ക് മേൽ സമ്മർദ്ദം ഉണ്ടായിട്ടുണ്ടാകും. യുവതി പരാതി നൽകിയ രീതി വിചിത്രമാണ്. പരാതിക്ക് പിന്നിൽ ആസൂത്രണമുണ്ടെന്നും തെരഞ്ഞെടുപ്പ് കാലത്തെ പ്രചാരണത്തിന് വേണ്ടിയുള്ള നീക്കമാണിതെന്നും എം എം ഹസ്സൻ പറഞ്ഞു.
സമാന ആരോപണം നേരിട്ട സിപിഎം എംഎൽഎമാർ രാജിവച്ചോയെന്നും ഹസന് ചോദിച്ചു.’കേസിന്റെ നിയമനടപടികള്‍ നേരിടേണ്ടത് രാഹുലാണ്.അദ്ദേഹത്തിന്റെ നിയോജക മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കരുത് എന്ന് പറയാന്‍ പാര്‍ട്ടിക്ക് കഴിയില്ല. കേസില്‍ അന്തിമ വിധി വരട്ട,എന്നിട്ടാകാം എംഎല്‍എ സ്ഥാനം രാജിവെക്കുന്നതിനെക്കുറിച്ച് തീരുമാനം എടുക്കുന്നത്. രാഹുലിന് കടുത്ത ശിക്ഷ പാർട്ടി നൽകിയിട്ടുണ്ട്.’ ഹസന് പറഞ്ഞു.
അതേസമയം, രാഹുലിനെതിരെ കോൺഗ്രസ് കൂടുതൽ നടപടി ഉടൻ സ്വീകരിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പാർട്ടിയുടെ മുഖം രക്ഷിക്കാൻ നേരത്തെ എടുത്ത സസ്പെൻഷൻ നടപടി പര്യാപ്തമാണെന്ന് കോൺഗ്രസ് നേതാക്കൾ വിലയിരുത്തി. തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള സിപിഎമ്മിന്റെ കെണിയാണ് ഇപ്പോൾ കേസെടുത്തതിന് പിന്നിലെന്നാണ് കോൺഗ്രസ് വാദം. സ്വർണക്കൊള്ളയിൽ പ്രതിരോധത്തിലായ സിപിഎം അത് മറിക്കടക്കാനായി ഇരയെ വിളിച്ചുവരുത്തി പരാതി എഴുതി വാങ്ങുകയായിരുന്നുവെന്ന നിലയ്ക്കുള്ള പ്രതികരണവും കോൺഗ്രസ് നേതാക്കൾ നടത്തിയിട്ടുണ്ട്.


