പെരിന്തൽമണ്ണയിലെ ജ്വല്ലറി ഉടമയെ കാറിടിച്ച് വീഴ്ത്തി മൂന്നര കിലോ സ്വർണം തട്ടിയ കേസിലാണ് ബാലഭാസ്കറിന്റെ ഡ്രൈവർ അർജുൻ അറസ്റ്റിലായത്. ബാലഭാസ്കർ അപകടത്തിൽപ്പെടുമ്പോൾ കാർ ഓടിച്ചത് അർജുൻ ആയിരുന്നു. പെരിന്തൽമണ്ണയിൽ സ്വർണം തട്ടിയ സംഘത്തെ ചെറുപ്പുളശ്ശേരിയിലെത്തി മറ്റൊരു കാറിൽ കൂട്ടിക്കൊണ്ടുപോയത് അർജുനാണ്.
അർജുൻ സ്വർണക്കടത്തിലെ ഗൂഢാലോചനയുടെ ഭാഗം എന്ന് പെരിന്തൽമണ്ണ ഡിവൈഎസ്പി ടി കെ ഷൈജു പറഞ്ഞു. സ്വർണം തട്ടിയ സംഘത്തെ മറ്റൊരു കറിൽ കൂട്ടിക്കൊണ്ടുപോകുകയെന്നതായിരുന്നു അർജുന്റെ റോൾ. കേസിൽ 18 പ്രതികളാണ് പോലീസിന്റെ പട്ടികയിലുള്ളത്. ഇതിൽ 13 പ്രതികളാണ് കേസിൽ ഇതുവരെ പിടിയിലായിട്ടുള്ളത്. ആദ്യം നാലു പേരാണ് തൃശൂരിൽ നിന്ന് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് അർജുന്റെ പങ്ക് വ്യക്തമായത്. തുടർന്നാണ് അർജുനെ പൊലീസ് പിടികൂടുകയായിരുന്നു. കൂടുതൽ ചോദ്യം ചെയ്യലിനായി അർജുനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി.
ബാലഭാസ്കറിന്റെ കേസുമായി ഇതിന് ബന്ധമില്ലെന്ന് പൊലീസ് വ്യക്തമാക്കി. ബാലഭാസ്കറിന്റെ മരണശേഷം മോഷണ കേസുകളിൽ ഉൾപ്പെടെ പല കേസുകളിൽ അർജുൻ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. രണ്ട് വർഷത്തെ ആസൂത്രണത്തിന് ശേഷമാണ് പെരിന്തൽമണ്ണയിലെ കവർച്ച പ്രതികൾ നടത്തിയിരുന്നത്. ഈ മാസം 11ന് സ്വർണ്ണ വ്യാപാരികളായ സഹോദരങ്ങൾ യൂസഫിനെയും ഷാനവാസിനെയും കവർച്ച ചെയ്യാൻ ആയിരുന്നു പദ്ധതി. എന്നാൽ തൃശൂരിൽ നിന്നുള്ള സംഘം എത്താത്തതിനാൽ നടന്നില്ല. ഒടുവിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് പ്രതികൾക്ക് സാഹചര്യം ഒത്തുവന്നത്.
കവർച്ച നടത്തി സ്വർണ്ണവുമായി മടങ്ങിയ നാലു പേരടങ്ങുന്ന സംഘത്തെ തൊട്ടടുത്ത ദിവസം തൃശ്ശൂരിൽ നിന്ന് പൊലീസ് പിടികൂടിയിരുന്നു. ഇവരിൽ രണ്ടുപേരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിൽ നിന്നാണ് ആസൂത്രിതമായ കവർച്ചയുടെ ചുരുളഴിയുന്നത്. ഷ്ടമായ സ്വർണ്ണത്തിന്റെ പകുതിയിലേറെ ഭാഗവും കണ്ടെടുക്കാനായി. സംഘത്തിലെ നാലുപേർ കൂടി ഇനിയും വലയിലാകാൻ ഉണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം.