വാളയാര്‍ കേസ് ഗൗരവമായി പരിശോധിച്ച് നടപടികള്‍ എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു. ഷാഫി പറമ്പിലിന്റെ അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
മറുപടി ഇങ്ങനെ:
പാലക്കാട് വാളയാര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍പ്പെട്ട ശെല്‍വപുരം അട്ടപ്പള്ളം എന്ന സ്ഥലത്ത് താമസിക്കുന്ന ദമ്പതികളുടെ 13 വയസ്സുള്ള പെണ്‍കുട്ടി 2017 ജനുവരിയിലും 9 വയസ്സുളള പെണ്‍കുട്ടി 2017 മാര്‍ച്ചിലും അസ്വാഭാവിക സാഹചര്യത്തില്‍ മരണപ്പെട്ടതിന് വാളയാര്‍ പോലീസ് സ്റ്റേഷനില്‍ യഥാക്രമം ക്രൈം.43/17, 240/17 എന്നിങ്ങനെ 2 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയിരുന്നു. മേല്‍പ്പറഞ്ഞ കേസുകളുടെ അന്വേഷണം അട്ടിമറിച്ചുവെന്ന ആരോപണം അടിസ്ഥാന രഹിതമാണ്.
രണ്ട് മാസക്കാലയളവിനുളളില് ഒരേ വീട്ടിലെ പ്രായപൂര്‍ത്തിയാകാത്ത 2 പെണ്‍കുട്ടികള്‍ അസ്വാഭാവികമായി മരണപ്പെട്ടതിനാല്‍ പാലക്കാട് അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് ആയിരുന്ന ജി.പൂങ്കുഴലി IPS ന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് വിശദമായ അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തില്‍ മേല്‍പ്പറഞ്ഞ 2 പെണ്‍കുട്ടികളും മരണപ്പെടുന്നതിനു മുന്‍പ് ലൈംഗിക പീഡനത്തിന് ഇരയായിരുന്നതായി വെളിവായതിന്റെ അടിസ്ഥാനത്തിലും പെണ്‍കുട്ടികള്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ പ്പെട്ടവരും ആയതിനാല്‍ രണ്ട് കേസ്സുകളിലും ക്രിമിനല്‍ നടപടിക്രമം 174 എന്ന വകുപ്പ് ഭേദഗതിചെയ്ത് ബലാല്‍സംഗം, ആത്മഹത്യാ പ്രേരണ, പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ മേലുളള ലൈംഗിക അതിക്രമം, പട്ടികജാതി പട്ടികവര്‍ഗ്ഗ പീഡന നിരോധന നിയമം എന്നിവയിലെ ബന്ധപ്പെട്ട വകുപ്പുകളായ IPC 376, 305, 354 POCSO Act 5(n), 6, 7, 8, SC/ST Act 3(2)(v) & 3 (1)(w)(i) പ്രകാരം അന്വേഷണം നടത്തുകയും ഫോറന്‍സിക് വിദഗ്ദരുടെ സംഘം ഉള്‍പ്പെടെ സ്ഥലത്ത് എത്തി ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. 13 വയസ്സുളള പെണ്‍കുട്ടിയുടെ അസ്വാഭാവിക മരണത്തിന് രജിസ്റ്റര്‍ ചെയ്ത ക്രൈം.43/2017 നമ്പര്‍ കേസില്‍ അട്ടപ്പളളം സ്വദേശി വലിയ മധു എന്ന് വിളിക്കുന്ന മധു, രാജാക്കാട് സ്വദേശി ഷിബു, ചേര്‍ത്തല സ്വദേശി പ്രദീപ് കുമാര്‍, അട്ടപ്പളളം സ്വദേശി കുട്ടി മധു എന്ന് വിളിക്കുന്ന മധു, പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നീ 5 പ്രതികളാണുള്ളത്.

9 വയസ്സുളള ഇളയ കുട്ടിയുടെ മരണത്തിന് രജിസ്റ്റര്‍ ചെയ്ത ക്രൈം.240/2017 നമ്പര്‍ കേസിലേക്ക് അട്ടപ്പളളം സ്വദേശി വലിയമധു എന്ന് വിളിക്കുന്ന മധു, ചേര്‍ത്തല സ്വദേശി പ്രദീപ് കുമാര്‍, പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നീ 3 പ്രതികളെയും അറസ്റ്റ് ചെയ്ത് നിയമനടപടികള്‍ സ്വീകരിച്ചിരുന്നു. പ്രതികള്‍ വ്യത്യസ്ത കാലയളവുകളിലാണ് കുട്ടികളെ പീഡിപ്പിച്ചിരുന്നതെന്ന് അന്വേഷണത്തില്‍ വെളിവായതിന്റെ അടിസ്ഥാനത്തില്‍ ഓരോ പ്രതിക്കെതിരെയും പ്രത്യേകം പ്രത്യേകം കുറ്റപത്രങ്ങളാണ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. പ്രായപൂര്‍ത്തിയാകാത്ത ആള്ക്കെതിരെയുളള കുറ്റപത്രങ്ങള്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുന്‍പാകെയാണ് ഹാജരാക്കിയത്. ചേര്‍ത്തല സ്വദേശി പ്രദീപ് കുമാറിനെതിരെയുളള കേസുകളില്‍ വിചാരണ പൂര്‍ത്തിയാക്കി 30.09.2019 ല്‍ (SC 401/17, SC 398/17) പ്രതിയെ വെറുതെ വിട്ടുകൊണ്ട് ബഹു. പാലക്കാട് ഫസ്റ്റ് അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. പ്രതിയ്ക്ക് വേണ്ടി അഡ്വ. സുരേഷ് കോടതി മുന്‍പാകെ ഹാജരായിരുന്നു.
മറ്റ് പ്രതികളായ മധു (വലിയ മധു), മധു (ചെറിയ മധു), ഷിബു എന്നിവര്‍ക്കെതിരെയുള്ള വിചാരണ പൂര്‍ത്തിയാക്കി 25.10.2019 ല്‍ പ്രതികളെ വെറുതെ വിട്ടുകൊണ്ട് കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. കോടതി ഉത്തരവിന്റെ പകര്‍പ്പുകള്‍ ലഭിച്ചിട്ടില്ല. മറ്റൊരു പ്രതിയായ പ്രായപൂര്‍ത്തിയാകാത്ത ആള്‍ക്കെതിരെയുള്ള വിചാരണ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുന്‍പാകെ നടന്നു വരുന്നു. ഈ സര്‍ക്കാരിന്റെ കാലയളവില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുളള അതിക്രമങ്ങള്‍ക്കെതിരെയും പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് നേരെയുളള അതിക്രമങ്ങള്‍ക്കെതിരെയും ശക്തമായ നടപടികളാണ് സ്വീകരിച്ച് വരുന്നത്. കുട്ടികള്‍ക്കെതിരെയുളള ലൈംഗിക അതിക്രമ കേസുകളില്‍ ഈ സര്‍ക്കാരിന്റെ കാലയളവില്‍ 30.09.2019 വരെ 9836 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 8907 കേസുകളില്‍പ്പെട്ട 9918 പ്രതികളെ അറസ്റ്റ് ചെയ്തു. സ്ത്രീകള്‍ക്കെതിരെയുളള കുറ്റകൃത്യങ്ങളില്‍ 30.09.2019 വരെ 46842 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 59395 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് നേരെയുളള അതിക്രമങ്ങള്‍ക്ക് 30.09.2019 വരെ 609 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് 434 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പോലീസിന്റെ ശക്തമായ ഇടപെടല്‍ മൂലം മേല്‍പ്പറഞ്ഞ വിഭാഗങ്ങള്‍ക്കെതിരെ ഉണ്ടാകുന്ന സംഭവങ്ങള്‍ക്കെല്ലാം തന്നെ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് നിയമനടപടി സ്വീകരിക്കുന്നതിന്റെ തെളിവാണ് മേല്‍പ്പറഞ്ഞ കണക്കുകള്‍ സൂചിപ്പിക്കുന്നത്. സ്ത്രീകള്‍ക്കെതിരെയുളള കുറ്റകൃത്യങ്ങളില്‍ 97 ശതമാനത്തോളം കേസുകള്‍ തെളിയിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

ഈ കേസ് സംബന്ധിച്ച് അപ്പീല്‍ നല്‍കുകയും പ്രഗത്ഭനായ അഡ്വക്കേറ്റിന്റെ സഹായത്തോടെ കേസ് മേല്‍ക്കോടതിയില്‍ വാദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയും ചെയ്യുന്നതാണ്. അവശേഷിക്കുന്ന ജുവനൈല്‍ ജസ്റ്റിസ് കോടതിയിലെ കേസുകളിലും ഇതേ നിലപാട് സ്വീകരിക്കും. ഇതിനുപുറമെ ഇത് സംബന്ധിച്ച് പോലീസിന് എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കുന്നതാണ്. കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയ കാര്യത്തിന് വാളയാര്‍ പോലീസ് സബ് ഇന്‍സ്പെക്ടറെ സര്‍വീസില്‍ നിന്നും സസ്പെന്റ് ചെയ്തിരുന്നു. അന്വേഷണമേല്നോട്ടത്തിവ് വീഴ്ച വരുത്തിയ പോലീസ് ഇന്‍സ്പെക്ടര്‍ക്കെതിരെ വകുപ്പുതല അന്വേഷണം നടത്തി ശിക്ഷാനടപടി സ്വീകരിച്ചു. കേസില്‍ പ്രോസിക്യൂഷന്റെ പരാജയമാണോ കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട പോലീസിന്റെ വീഴ്ചയാണോ എന്ന് പരിശോധിക്കും. രണ്ടു കുട്ടികളുടെയും ദാരുണമായ അന്ത്യം ആരുടെയും മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്. മരണാനന്തരം ആണെങ്കിലും ആ കുട്ടികള്‍ക്ക് നീതി കിട്ടണമെന്നു തന്നെയാണ് സര്‍ക്കാറിന് നിര്‍ബന്ധമുള്ളത്. ഇരയാകുന്നവരുടെ പക്ഷത്താണ് എന്നും ഈ സര്‍ക്കാര്‍. അതില്‍ രാഷ്ട്രീയമില്ല. ഭരണ-പ്രതിപക്ഷ പരിഗണനയും ഇല്ല. മനുഷ്യത്വം മാത്രമാണ് പരിഗണനാര്‍ഹമായ വിഷയം. അത് മുന്‍ നിര്‍ത്തി ഇക്കാര്യത്തില്‍ ഉചിതമായ നടപടി ഉണ്ടാകും. പുനരന്വേഷണമാണോ സിബിഐ അന്വേഷണമാ ണോ വേണ്ടതെന്ന് ഗൗരവമായി പരിശോധിച്ച് നടപടികള്‍ എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


