പോപ്പുലര്‍ ഫ്രണ്ടിനേയും എട്ട് അനുബന്ധ സംഘടനകളേയും നിരോധിച്ചതോടെ ഇവയുടെ ഓഫീസുകള്‍ ഉടന്‍ സര്‍ക്കാര്‍ അടച്ചു പൂട്ടിയേക്കും. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം വരുന്ന മുറയ്ക്ക് സംസ്ഥാന സര്‍ക്കാരുകളാവും ഇതിനായുള്ള നടപടികള്‍ സ്വീകരിക്കുക.
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കൊപ്പം അനുബന്ധ സംഘടനകളായ റിഹാബ് ഇന്ത്യ ഫൗണ്ടേഷന്, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള് ഇന്ത്യ ഇമാംസ് കൗണ്‍സില്‍, നാഷണല്‍ കോണ്‍ഫഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഓര്ഗനൈസേഷന്, നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്, റിഹാബ് ഫൗണ്ടേഷന് കേരള എന്നീ സംഘടനകളേയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചിട്ടുണ്ട്.
നിരോധനം നിലവില്‍ വരുന്നതോടെ പി.എഫ്.ഐയുടേയും അനുബന്ധ സ്ഥാപനങ്ങളുടേയും ഓഫീസുകളും ബാങ്ക് അക്കൗണ്ടുകളും ഉടന്‍ മരവിപ്പിക്കും. കേന്ദ്ര വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ക്കായി സംസ്ഥാന ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവ് ഉടനിറങ്ങും. എല്ലാ ജില്ലാ പൊലിസ് മേധാവിമാര്‍ക്കും ഇതിനോടകം ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ജില്ലാ ഭരണകൂടവുമായി ചേര്‍ന്നാവും തുടര്‍ന്നുളള നീക്കങ്ങള്‍.
പി.എഫ്.ഐക്ക് ഇസ്ലാമിക് സ്റ്റേറ്റ്റ്റ്സ് അടക്കമുള്ള ആഗോള തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് നിരോധനത്തിന് ആധാരമായി കേന്ദ്രആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. യുപി, കര്‍ണാടക ഗുജറാത്ത് സര്‍ക്കാരുകള്‍ നിരോധനത്തിന് ശുപാര്‍ശ ചെയ്തു. കേരളത്തിലെ സഞ്ജിത്ത് (2021 ), അഭിമന്യു (2018 ), ബിപിന്‍ ( 2017 ) കൊലപാതകങ്ങളും ആഭ്യന്തര മന്ത്രാലയം നിരോധനത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നുണ്ട്.


