കൊച്ചി: മരടിലെ നാലു ഫ്ളാറ്റുകളും പൊളിക്കുക നിയന്ത്രിത സ്ഫോടനത്തില്‍. മരട് നഗരസഭാ സെക്രട്ടറിയുടെ ചുമതലയുള്ള ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ സ്നേഹില്‍ കുമാറാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ, ക്രെയിനുകള്‍ ഉപയോഗിച്ചു ഫ്ളാറ്റുകള്‍ പൊളിക്കാനായിരുന്നു തീരുമാനം. ക്രെയിനുകള്‍ ഉപയോഗിച്ചു പൊളിച്ചാല്‍ കാലതാമസം ഉണ്ടാകുമെന്നതിനാലാണു നിയന്ത്രിത സ്ഫോടനത്തില്‍ പൊളിക്കാന്‍ തീരുമാനിച്ചതെന്നും സ്നേഹില്‍ കുമാര്‍ വ്യക്തമാക്കി. നാലു ഫ്ളാറ്റുകളും ഒരേ സമയത്ത് പൊളിച്ചുതുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. തീരദേശ പരിപാലന നിയമം ലംഘിച്ചു നിര്‍മിച്ച മരടിലെ ഫ്ളാറ്റുകളുടെ കാര്യത്തില്‍ സുപ്രീംകോടതിയുടെ അന്തിമ ഉത്തരവ് പുറത്തുവന്നതോടെയാണു ഫ്ളാറ്റുകള്‍ പൊളിക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തിയത്. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഫ്ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട് മരട് നഗരസഭ ഈ മാസം ആദ്യം ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു. ഇതുപ്രകാരം 15 കന്പനികളാണു മുന്നോട്ടു വന്നിട്ടുള്ളത്.

