പത്തനംതിട്ട: നിക്ഷേപകരെ ആശങ്കയിലാക്കി പോപ്പുലര്‍ ഫിനാന്‍സ് ആസ്ഥാനം പൂട്ടി. പത്തനംതിട്ട കോന്നിയിലെ വകയാര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനമാണ് പോപ്പുലര്‍ ഫിനാന്‍സ്. കേരളത്തിലുടെ നീളം 274 ബ്രാഞ്ചുകളുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയായി വകയാറിലെ ആസ്ഥാനമടക്കം അടഞ്ഞ് കിടക്കുകയാണ്.
പണം നഷ്ടപെട്ട നിക്ഷേപകരുടെ പരാതിയില്‍ നടത്തിപ്പുകാര്‍ക്കെതിരെ കോന്നി പൊലീസ് സാമ്പത്തിക വഞ്ചന കുറ്റത്തിന് കേസെടുത്തു. സ്ഥാപനം പൂട്ടിയതിന് പിന്നാലെ ഉടമ റോയി ഡാനിയല്‍ കോടതില്‍ പാപ്പര്‍ ഹര്‍ജി നല്കി. റോയി ഡാനിയേലിനും ഭാര്യക്കുമെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
കാലാവധി പൂര്‍ത്തിയാക്കിയ നിക്ഷേപങ്ങള്‍ പിന്‍വലിക്കാന്‍ എത്തിയവര്‍ക്ക് പണം നല്കാന് സ്ഥാപനത്തിന് കഴിഞ്ഞില്ല. തുടര്‍ന്ന് ആളുകള്‍ കൂട്ടമായെത്തിയതോടെയാണ് മുന്നറിയിപ്പ് ഇല്ലാതെ ആസ്ഥാനം പൂട്ടിയത്. ഇതുവരെ 300 ഓളം നിക്ഷേപകരാണ് പരാതിയുമായി കോന്നി പൊലീസ് സ്റ്റേഷനില്‍ എത്തിയത്. ഇതുവരെയുള്ള പരാതികള്‍ പ്രകാരം 30 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിട്ടുണ്ട്.
സ്ഥാപന ഉടമ റോയി ഡാനിയലിന്റെ വകയാറിലെ വീടും അടച്ചിട്ട നിലയിലാണ്. റോയി ഉപയോഗിച്ചിരുന്ന രണ്ട് മൊബൈല്‍ ഫോണ്‍ നമ്പറുകളും ദിവസങ്ങളായി സ്വിച്ച് ഓഫ് ആണ്. ഇതിനിടയിലാണ് അഭിഭാഷകന് മുഖേന റോയി ഡാനിയേല്‍ പത്തനംതിട്ട സബ്ബ് കോടതിയില്‍ പാപ്പര്‍ ഹര്‍ജി സമര്‍പ്പിച്ചത്. ആസ്ഥാന ഓഫീസ് പൂട്ടിയത് അറിഞ്ഞ് വിവിധ ശാഖകളില്‍ ആളുകള്‍ പണം പിന്‍വലിക്കാനെത്തുന്നുണ്ടെങ്കിലും ജീവനക്കാര്‍ അവധി പറഞ്ഞിരിക്കുകയാണ്.


