കൊല്ലത്ത് കെട്ടിയിട്ടിരുന്ന ഗർഭിണിയായ കുതിരയ്ക്ക് നേരെ അക്രമം. കാറിലെത്തിയ അഞ്ച് യുവാക്കളാണ് കുതിരയെ മർദ്ധിച്ചത്.കുതിരയുടെ ഉടമ ഷാനവാസിന്റെ പരാതിയിലാണ് കേസെടുത്തത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ ഉള്‍പ്പെട്ട മൂന്നു പേരെ തിരിച്ചറിഞ്ഞതായും ഇരവിപുരം പൊലീസ് പറഞ്ഞു.
കഴിഞ്ഞ ഇരുപത്തിയഞ്ചിന് വൈകിട്ട് നാലിനാണ് സംഭവം. ക്ഷേത്ര പരിസരത്ത് ഉടമ കെട്ടിയിട്ടിരുന്ന കുതിരയ്ക്ക് നേരയാണ് അക്രമം ഉണ്ടായത്. വടി കൊണ്ട് അടിക്കുകയും മരത്തിനോട് ചേർത്ത് കയർ കൊണ്ട് വരിഞ്ഞ് മുറുക്കിയ ശേഷം മുഷ്ടി ചുരുട്ടി കുതിരയെ ഇടിക്കുകയും ചെയ്തു. കാൽമുട്ട് മടക്കിയും മർദിച്ചു.ഗര്‍ഭിണിയായ കുതിരയെ ഒരു സംഘം യുവാക്കള്‍ തെങ്ങില്‍ കെട്ടിയിട്ട് വളഞ്ഞിട്ട് തല്ലുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയാണ് നേരത്തെ പുറത്തുവന്നത്. കുതിരയുടെ ദേഹമാസകലം മുറിവേറ്റിരുന്നു. സംഭവത്തില്‍ കുതിരയുടെ ഉടമ ഷാനവാസ് ഇരവിപുരം പൊലീസില്‍ പരാതി നല്‍കിയിരുന്നു. വടക്കേവിള നെടിയം സ്വദേശി ഷാനവാസ് മൻസിലിൽ എ.ഷാനവാസിൻ്റെ ദിയ എന്ന നാലര വയസ്സുള്ള കുതിരയെയാണ് ആക്രമിച്ചത്. ക്ഷേത്ര ഭാരവാഹികളുടെ അനുമതിയോടെയാണ് കുതിരയെ കെട്ടിയിട്ടിരുന്നത്. കുതിരയെ പരിപാലിക്കുന്ന യുവാക്കൾ എത്തിയപ്പോഴാണ് കുതിരയെ അവശ നിലയിൽ കണ്ടത്.


