തിരുവനന്തപുരം: വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ സിബിഐ ചോദ്യം ചെയ്തു. കസ്റ്റംസ് ഇന്റലിജന്‍സ് ഡി ബാച്ചിലെ 5 ഉദ്യോഗസ്ഥരെയാണ് സിബിഐ ചോദ്യം ചെയ്തത്.
സ്വര്‍ണക്കടത്തു കേസില്‍ കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണനെ ഡിആര്‍ഐ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട കേസായതിനാലാണ് സിബിഐ സമാന്തരമായി അന്വേഷണം നടത്തുന്നത്.
സംഭവത്തില്‍ കൂടുതല്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടിട്ടുള്ളതായാണ് സിബിഐ സംശയിക്കുന്നത്. ഡ്യൂട്ടി ഷിഫ്റ്റും സൂപ്രണ്ടിന്റെ ഇടപെടലുകളുമാണ് ഉദ്യോഗസ്ഥരോട് സിബിഐ ചോദിച്ചത്.
മുഖ്യ ഇടപാടുകാരെല്ലാം ദുബായിലാണെന്ന ഡിആര്‍ഐ നിഗമനത്തെ സിബിഐയും ശരിവയ്ക്കുന്നു. വിദേശത്തേക്ക് അന്വേഷണം വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സിബിഐ.
കസ്റ്റംസ് സൂപ്രണ്ടായിരുന്ന രാധാകൃഷ്ണന്റെ സഹായത്തോടെ കോടിക്കണക്കിനു രൂപയുടെ സ്വര്‍ണം അഡ്വ.ബിജുവും സംഘവും തിരുവനന്തപുരം വിമാനത്താവളം വഴി കടത്തിയെന്നാണ് സിബിഐ എഫ്ഐആര്‍.
സ്വര്‍ണക്കടത്തു നടന്നപ്പോഴെല്ലാം രാധാകൃഷ്ണന് എക്സ്റേ പോയിന്റില്‍ ഉണ്ടായിരുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. രാധാകൃഷ്ണന്റെ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച തെളിവുകള്‍ കണ്ടെടുക്കാനായിരുന്നില്ല.


