സ്വര്‍ണ്ണ തൊഴിലാളി യൂണിയന് പാനൂര്‍ ഏരിയ പ്രസിഡന്റും, കേരള ബാങ്ക് പെരിങ്ങത്തൂര്‍ ശാഖയിലെ അപ്രൈസറുമായ ചൊക്ലി മേനപ്രം സ്വദേശി കെ. നൈനേഷ് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടതില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം മേനപ്രം ലാക്കല്‍ കമ്മിറ്റി. നൈനേഷിനെ എടക്കാട് റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
നൈനേഷിനെതിരെ ഒരു വ്യക്തി പൊലീസില്‍ പരാതി കൊടുത്തതിന് പിന്നാലെയാണ് കാണാതാവുന്നത്. നൈനേഷിനെ കാണാതായത് മെയ് 18ന് ചൊക്ലി പൊലീസ് സ്റ്റേഷനില്‍ അച്ഛനും, സഹോദരനും അറിയിച്ചിരുന്നു. എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുന്നതിന് പൊലീസ് തയാറായില്ല. മെയ് 19 നും ചൊക്ലി പൊലീസ് സ്റ്റേഷനില്‍ പോയെങ്കിലും കേസെടുക്കാന്‍ തയ്യാറായില്ല, മാത്രമല്ല ഒരു പൊലീസ് ഉദ്യോഗസ്ഥന് നൈനേഷിന്റെ പിതാവിനെ അപമാനിക്കുകയും ചെയ്തുവെന്ന് ആരോപണമുണ്ട്. മെയ് 21 ന് രാവിലെ നൈനേഷിന്റെ ഭാര്യ സിജിനയും, രണ്ടര വയസുള്ള മകന് യാഗ്നിക്കും നൈനേഷിന്റെ മാതാപിതാക്കളും സഹോദനും പ്രദേശത്തെ പൊതുപ്രവര്‍ത്തകരും ചൊക്ലി സ്റ്റേഷനില്‍ എത്തി. ചൊക്ലി സിഐയോട് പരാതി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടു. പരാതി സ്വീകരിച്ചില്ലെന്ന് മാത്രമല്ല സിഐ ഒരു മറുപടിയും പറയാതെ ഇറങ്ങിപ്പോയെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നു.
പിന്നീട് നൈനേഷിന്റെ ഭാര്യ റിസപ്ഷന് മുന്പില് ഇരിക്കുകയും പരാതി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തപ്പോഴാണ് ചൊക്ലി പൊലീസ് പരാതി സ്വീകരിക്കാന്‍ തയ്യാറായത്. മെയ് 21 ന് നിയമപരമായി കേസ് രജിസ്ട്രര്‍ ചെയ്തെങ്കിലും ഒരു തുടര്‍നടപടിയും പൊലീസിന്റെ ഭാഗത്തു നിന്ന്
ഉണ്ടായില്ല. ഇതിനെ തുടര്‍ന്ന് ഭാര്യ സിജിന ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹരജി ഫയല്‍ ചെയ്തതിനിടയിലാണ് ദുരൂഹ സാഹചര്യത്തില്‍
മരണപ്പെട്ട നിലയില്‍ നൈനേഷിനെ കണ്ടെത്തിയത്.
സ്വന്തം കാറും, മൊബൈല്‍ ഫോണും ഉണ്ടായിരുന്ന നൈനേഷ് കഴിഞ്ഞ എട്ട് ദിവസം കണ്ണൂര്‍ ജില്ലയില്‍ ഉണ്ടായിരുന്നിട്ടും കണ്ടെത്താന്‍ വിമുഖത കാണിച്ച സി ഐ മഹേഷിനെതിരെ വകുപ്പ് തലനടപടികള്‍ സ്വീകരിക്കണമെന്ന് സിപിഐഎം മേനപ്രം ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. നൈനെഷിന്റെ മരണം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷിക്കണമെന്നും സിപിഐഎം ആവശ്യപ്പെട്ടു.