യുഎപിഎ ചുമത്തി യുപി പൊലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമ പ്രവര്ത്തകന് സിദ്ദീഖ് കാപ്പനെ ആശുപത്രിയില്‍ നിന്ന് ജയിലിലേക്ക് മാറ്റിയതായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. കോവിഡ് മുക്തനായതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് അറിയുന്നത്. കാപ്പന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് യുപി സര്‍ക്കാര്‍ സുപ്രീംകോടതിക്ക് കൈമാറിയിട്ടുണ്ട്.
കാപ്പന് മികച്ച ചികിത്സ തേടി സമര്‍പ്പിച്ച ഇടക്കാല ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കവെയാണ് യുപി സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ഇന്നലെ ഹര്‍ജി പരിഗണിച്ച കോടതി മെഡിക്കല്‍ റിപ്പോര്‍ട്ട് ഇന്നു തന്നെ കൈമാറണമെന്ന് സര്‍ക്കാരിനോട് ഉത്തരവിട്ടിരുന്നു. കാപ്പന് മുറിവേറ്റിരുന്നു എന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍, എങ്ങനെ മുറിവേറ്റു എന്ന കാര്യം വ്യക്തമല്ല. കാപ്പന് നേരത്തെ സെല്ലില്‍ കുഴഞ്ഞു വീണ് മുഖത്ത് പരിക്കേറ്റിരുന്നു. ഇപ്പോഴും ആ പരിക്ക് നിലനില്‍ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നത്.
കോവിഡ് ബാധിച്ച് ആരോഗ്യ നില ഗുരുതരമായ കാപ്പനെ ഉത്തര്‍പ്രദേശിലെ മഥുര മെഡിക്കല്‍ കോളജിലാണ് പ്രവേശിപ്പിച്ചിരുന്നത്. ഇവിടെ കാപ്പന് മോശം പരിചരണമാണ് ലഭിക്കുന്നതെന്നും കട്ടിലില്‍ കെട്ടിയിട്ട് ദിവസങ്ങളായി ഭക്ഷണം കഴിക്കാനോ കക്കൂസില്‍ പോകാനോ അനുവദിക്കുന്നില്ലെന്നും കാപ്പന്റെ അഭിഭാഷകന് വില്‍സ് മാത്യുവും ഭാര്യയും ആരോപിച്ചിരുന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകന് കോടതിയെ സമീപിച്ചത്. ഇതേത്തുടര്‍ന്ന് അടിയന്തരമായി മെഡിക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി യുപി സര്‍ക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു.
ചീഫ് ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹരജികള്‍ പരിഗണിക്കുന്നത്. ഹേബിയസ് കോര്‍പസ് ഹരജിയാണ് നിലവില്‍ കോടതിയുടെ പരിഗണനയിലുള്ളത്. ഇതിന്റെ കൂടെ കാപ്പന് മികച്ച ചികിത്സ നല്‍കണമെന്ന കെയുഡബ്ല്യുജെയുടെ അടക്കമുള്ള ഇടക്കാല അപേക്ഷ കൂടി കോടതി പരിഗണിക്കുകയായിരുന്നു. ഹേബിയസ് കോര്‍പസ് അപേക്ഷ നിലനില്‍ക്കില്ലെന്ന് കഴിഞ്ഞ ദിവസം സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ വാദിച്ചിരുന്നു.
അതേസമയം, കാപ്പനുമായി ഇതുവരെ വിഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കാന്‍ അവസരം കിട്ടിയിട്ടില്ലെന്ന് ഭാര്യ റൈഹാനത്ത് പറഞ്ഞു. വിഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കാന്‍ ഇന്നലെ കോടതി അനുമതി നല്‍കിയിരുന്നു.


