തിരുവനന്തപുരം: വെള്ളനാട് പഞ്ചായത്ത് പ്രസിഡൻ് വെള്ളനാട് ശശി വീണ്ടും വിവാദത്തിൽ. സംരക്ഷിത ജീവി ഇനത്തിൽപ്പെടുന്ന മുള്ളൻ പന്നിയെ തല്ലിക്കൊന്നതാണ് പുതിയ വിവാദം. പരിസരത്തെ വീട്ടിൽ കയറിയ മുള്ളൻ പന്നിയെയാണ് തല്ലിക്കൊന്നത്. സംഭവത്തിൽ വനം വകുപ്പ് കേസെടുത്തു.
വനംവകുപ്പ് ഉദ്യോഗസ്ഥർ വീട്ടിൽ പരിശോധന നടത്തുകയാണ്. പഞ്ചായത്ത് ഓഫീസിലും പരിശോധന നടത്തി.
വെള്ളനാട് പഞ്ചായത്തിലെ ഒരു വീട്ടിലാണ് മുള്ളൻപന്നി കയറിയത്. തുടർന്ന് വീട്ടുകാരും പരിസരവാസികളും വനംവകുപ്പിനെ വിവരം അറിയിച്ചു കാത്തിരിക്കുകയായിരുന്നു. എന്നാൽ പ്രദേശത്തെത്തിയ വെള്ളനാട് ശശി, മുള്ളൻ പന്നിയെ മരപട്ടിക ഉപയോഗിച്ച് തലയ്ക്ക് അടിച്ച് കൊല്ലുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.


