കൊച്ചി:സേഫ് ആന്‍ഡ് സ്ട്രോങ്ങ് നിക്ഷേപ തട്ടിപ്പു കേസ് പ്രതി പ്രവീണ്‍ റാണ പുറത്തിറങ്ങിയത് അന്വേഷണ സംഘത്തിന്റെ കടുത്ത അനാസ്ഥ മൂലO ആരോപണവുമായി നിക്ഷേപ കൂട്ടായ്മ . ക്രൈംബ്രാഞ്ച് ഒരു കേസിലും കുറ്റപത്രം നല്‍കിയില്ലെന്നും റാണയെ പുറത്തിറങ്ങാന്‍ വഴിയൊരുക്കിയത് ക്രൈം ബ്രാഞ്ചും പൊലീസുമാണെന്നും നിക്ഷേപ കൂട്ടായ്മ ആരോപിച്ചു.
സേഫ് ആന്‍ഡ് സ്ട്രോങ്ങ് തട്ടിപ്പ് കേസിലെ മുഖ്യപ്രതി പ്രവീണ്‍ റാണ ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിനു പിന്നാലെയാണ് പൊലിസിനും ക്രൈംബ്രാഞ്ചിനുമെതിരെ ആരോപണവുമായി നിക്ഷേപ കൂട്ടായ്മ രംഗത്തു വന്നത്. അന്വേഷണ സംഘത്തിന്റെ അനാസ്ഥ മൂലമാണ് റാണയ്ക്ക് പുറത്തിറങ്ങിയതെന്നായിരുന്നു ആരോപണം. കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കാത്തത് പുറത്തിറങ്ങാന്‍ വഴിയൊരുക്കി.
ക്രൈംബ്രാഞ്ച് ഒരു കേസിലും കുറ്റപത്രം നല്‍കിയില്ലെന്നും കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കാന്‍ കോടതി പലതവണ ആവശ്യപെട്ടിട്ടും മനഃപൂര്‍വം മെല്ലേപ്പോക്ക് കാണിച്ചെന്നും നിക്ഷേപ കൂട്ടായ്മ പ്രസിഡന്റ് രാജന് ജോസഫ് പറഞ്ഞു പരാതിക്കാരില്‍ നിന്ന് മൊഴിയെടുക്കാന്‍ എട്ടുമാസം വരെ വൈകിയെന്ന ആരോപണവും നിക്ഷേപകര്‍ ഉയര്‍ത്തി .ക്രൈം ബ്രാഞ്ചും പൊലീസും റാണക്കൊപ്പം നിന്നു. നിലവില്‍ ചെറു നിക്ഷേപകരെ ലക്ഷ്യമിട്ട് റാണ പ്രവര്‍ത്തിക്കുകയാണെന്നും രാജന് ജോസഫ് പറഞ്ഞു.
കഴിഞ്ഞ ജനുവരി 11 നാണ് റാണ അറസ്റ്റിലാവുന്നത്. വിവിധ ജില്ലകളിലെ കോടതികളില്‍ 260 വഞ്ചനാ കേസുകളുണ്ടായിരുന്ന പ്രവീണ്‍ റാണ കഴിഞ്ഞ ദിവസമാണ് ജാമ്യം ലഭിച്ച് ജയില്‍ മോചിതനായത്. വയനാട്ടിലെ അവസാന കേസിലും ജാമ്യം ലഭിച്ചതോടെയാണ് റാണ പുറത്തിറങ്ങിയത്.


