മൂവാറ്റുപുഴ: മൂവാറ്റുപുഴ മണ്ഡലത്തിന്റെ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്കും, മൂവാറ്റുപുഴയുടെ കാര്‍ഷീക വികസനത്തിനും, അടിത്തറപാകിയ ജനപ്രതിനിധിയായിരുന്നു ഞായറാഴ്ച നിര്യാതനായ മുന്‍ എം.എല്‍.എ ഡോ.എ.വി. ഐസക്.
മൂവാറ്റുപുഴ വള്ളക്കാലില്‍ ആശുപത്രിയിലെ ഭിഷഗ്യരനായ ഐസക്ക് 1982, ലാണ് സി.പി.ഐയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പാര്‍ലമെന്ററി മല്‍സര രംഗത്തെത്തുന്നത്. അന്ന് ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി വി.വി. ജോസഫിനോട് തോറ്റ ഐസക് 87ല്‍ ജോസഫിനെ തോല്പിച്ച് നിയമസഭയിലെത്തി. തുടര്‍ന്ന് 91 ല്‍ വീണ്ടും മല്സരിച്ചങ്കിലും ജോണി നെല്ലൂരിനോട് പരാജയപ്പെട്ട അദ്ദേഹം തെരഞ്ഞെടപ്പ് രംഗത്തു നിന്നും മാറി നിന്നു.എങ്കിലും അടുത്ത കാലം വരെ മൂവാറ്റുപുഴയുടെ രാഷ്ടീയ സാമൂഹ്യ രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു ഡോക്ടര്‍ .
നടുക്കര പൈനാപ്പിള്‍ ഫാക്ടറി, മൂവാറ്റുപുഴ ഇ ഇസി മാര്‍ക്കറ്റ് എന്നിവയടക്കം കാര്‍ഷിക മേഖലയുടെ വികസനത്തിന് ഐസക്കിന്റെ പങ്ക് വലുതാണ്. നിയോജക മണ്ഡലത്തിലെ ഇന്ന് പ്രവര്‍ത്തിക്കുന്ന കൃഷി ഭവനുകള്‍ എല്ലാംതന്നെ ഐസക്കിന്റെ കാലത്ത് ആരംഭിച്ചതാണ്. മൂവാറ്റുപുഴ സബ് കോടതി, ഇന്ന് മൂവാറ്റുപുഴ ജനറലാശുപത്രിയില്‍ 100-കിടക്കകളുള്ള കെട്ടിടം, കാവുംങ്കര, പേഴയ്ക്കാപ്പിള്ളി മാവേലി സ്റ്റോര്‍, കെ. എസ്.ആര്.ടിസി ബസ് സ്റ്റാന്റ് വികസനവുമായി ബന്ധപ്പെട്ട് അഞ്ച് ഏക്കര്‍ സ്ഥലം ഏറ്റെടുത്തതുള്പെടെ മൂവാറ്റുപുഴ മണ്ഡലത്തിലെ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത് ഐസക്കിന്റെ കാലത്തായിരുന്നു.


