ദേവികുളം: മൂന്നാര്‍ കന്നിമലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഓട്ടോറിക്ഷാ ഡ്രൈവര്‍ സുരേഷ് കുമാറിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം.
ഡീന്‍ കുര്യാക്കോസ് എംപിയും എ. രാജ എംഎല്‍എയും ചേര്‍ന്ന് കുടുംബത്തിന് ചെക്ക് കൈമാറി.
ഇതിനു പിന്നാലെ മൂന്നാറില്‍ എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താല്‍ പിൻവലിച്ചു. മൂന്നാര്‍ കെഡിഎച്ച് വില്ലേജ് പരിധിയില്‍ രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നത്. മൂന്നാര്‍ ടൗണില്‍ റോഡ് ഉപരോധിച്ച പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടയുകയും ചെയ്തിരുന്നു. അതേസമയം, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
സുരേഷ് കുമാറിന്റെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കുന്നതിന് വനംവകുപ്പ് ശിപാർശ ചെയ്യും. മക്കളുടെ പഠനച്ചെലവും പരിക്കേറ്റവരുടെ ചികിത്സാച്ചെലവും വനം വകുപ്പ് ഏറ്റെടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ആന തകര്‍ത്ത ഓട്ടോയ്ക്ക് പകരം പുതിയ ഓട്ടോറിക്ഷയും വനംവകുപ്പ് വാങ്ങി നല്‍കും.
കൊല്ലപ്പെട്ട സുരേഷ് കുമാറിന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. ഹൈറേഞ്ച് ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. മൂന്നാര്‍ കന്നിമല ടോപ്പ് ഡിവിഷന് സ്വദേശിയാണ് മണി എന്നു വിളിക്കുന്ന സുരേഷ് കുമാര്‍.


