തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രനെ തെരഞ്ഞെടുത്തതിന് പിന്നാലെ ബിജെപിയില്‍ ഉടലെടുത്ത പൊട്ടിത്തെറിക്ക് അവസാനമില്ല. കെ സുരേന്ദ്രന് കീഴില്‍ പദവികള്‍ ഏറ്റെടുക്കില്ലെന്ന് ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന് പറഞ്ഞു. ദേശീയ സംഘടന സെക്രട്ടറി ബിഎല്‍ സന്തോഷുമായുള്ള ചര്‍ച്ചയിലും രാധാകൃഷ്ണന് നിലപാട് ആവര്‍ത്തിച്ചു.
ഇതിനിടെ, ഗ്രൂപ്പ് നോക്കി മണ്ഡലം, ജില്ലാ പ്രസിഡന്റുമാരെ തീരുമാനിക്കുന്നുവെന്ന പരാതി ദേശീയ നേതൃത്വത്തിന് മുന്നില്‍ ഉന്നയിക്കാനൊരുങ്ങുകയാണ് കൃഷ്ണദാസ് പക്ഷം. കാസര്‍കോട് രവീശ തന്ത്രി കുണ്ടാര്‍ ഉയര്‍ത്തിയ പരസ്യ വിമര്‍ശനവും സുരേന്ദ്രനെതിരെ ആയുധമാക്കാനാണ് ഈ പക്ഷത്തിന്റെ നീക്കം. കെ സുരേന്ദ്രന്റെ സ്ഥാനാരോഹണ ചടങ്ങില്‍ നിന്നും വിട്ടുനിന്ന മറ്റൊരു ജനറല്‍ സെക്രട്ടറിയായ ശോഭാ സുരേന്ദ്രനും അതൃപ്തയാണ്. നിലവിലെ ജനറല്‍ സെക്രട്ടറിമാരില്‍ ചിലരെ മാറ്റാന്‍ മുരളീധരപക്ഷത്തിന് ആലോചനയുണ്ട്. ദേശീയ നേതൃത്വത്തിന്റെ ഒത്ത് തീര്‍പ്പ് ശ്രമങ്ങള്‍ ഇനിയും തുടരാനാണ് സാധ്യത.
അതേസമയം, കെ സുരേന്ദ്രനെ തെരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ച് കാസര്‍കോട്ടെയും തിരുവനന്തപുരത്തെയും ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഭാരവാഹികള്‍ രാജി വെച്ചിരുന്നു. ഭാരവാഹി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച സംസ്ഥാന സമിതി അംഗം എസ് മഹേഷ് കുമാര്‍ രാജി വെച്ചിരുന്നു. തിരുവനന്തപുരം മണ്ഡലത്തില്‍ കൂടുതല്‍ വോട്ടുകള്‍ നേടിയ നേതാവിനെ ഭാരവാഹി നിര്‍ണയത്തില്‍നിന്നും ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചാണ് രാജിയുണ്ടായത്. സംസ്ഥാന അധ്യക്ഷന്‍ ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം ഗ്രൂപ്പ് കളിക്ക് കൂട്ടുനില്‍ക്കുകയാണെന്നുമാണ് രാജിവെച്ച മഹേഷ് കുമാര്‍ ആരോപിച്ചത്. തിരുവനന്തപുരത്ത് പാര്‍ട്ടിയില്‍നിന്നും 200 ഓളം പേര് രാജിക്കൊരുങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.