എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനെതിരെ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ ഉയര്‍ന്ന ആരോപണം അതീവ ഗൗരവതരമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇ പി ജയരാജന് മന്ത്രിയായിരിക്കെ പദവി ദുരുപയോഗം ചെയ്തുവെന്നാണ് ഈ ആരോപണത്തില്‍ നിന്ന് വ്യക്തമാവുന്നത്. പാര്‍ട്ടിയിലെ ഒരു മുതിര്‍ന്ന നേതാവ് തന്നെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇത് അതിന്റെ ഗൗരവം പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കുന്നു. പാര്‍ട്ടി നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയരുമ്പോള്‍ പാര്‍ട്ടി അന്വേഷിക്കുമെന്ന പതിവ് പല്ലവി അംഗീകരിക്കില്ല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ആരോപണം ഉയര്‍ന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടും പാര്‍ട്ടി സെക്രട്ടറി ഒരക്ഷരം മിണ്ടിയിട്ടില്ലെന്നും ചെന്നിത്തല വിമര്‍ശിച്ചു. നാഴികയ്ക്ക് നാല്‍പ്പത് വട്ടം മാധ്യമങ്ങളെ കാണുന്ന ഗോവിന്ദന്റെ മൗനം ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. സിപിഐഎം പാര്‍ട്ടിയെ ഇന്ന് അടിമുടി ജീര്‍ണ്ണത ബാധിച്ചിരിക്കുന്നു. അഴിമതിയും കെടുകാര്യസ്തതയും അതിന്റെ മൂര്‍ദ്ധന്യത്തിലെത്തി നില്‍ക്കുകയാണ്.
ഒന്നാം പിണറായി സര്‍ക്കാരില്‍ രണ്ടാം സ്ഥാനക്കാരനായിരുന്ന ഇപി ജയരാജനെതിരായി ഉയര്‍ന്ന ആരോപണം റിസോര്‍ട്ട് കാര്യത്തില്‍ മാത്രം ഒതുങ്ങുന്നതല്ല. ഇത് മഞ്ഞുമലയുടെ അഗ്രം മാത്രമാണ്. ഇക്കാര്യത്തില്‍ ഒരു സ്വതന്ത്ര ഏജന്‍സിയുടെ അന്വേഷണം അനിവാര്യമാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
ഇ പി ജയരാജനെതിരായ പി ജയരാജന്റെ ആരോപണമാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. കണ്ണൂര്‍ ആയുര്‍വേദ മെഡിക്കല്‍ കെയര്‍ ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയെ മറയാക്കി ഇപി ജയരാജന് കോടികളുടെ അഴിമതി നടത്തിയെന്നായിരുന്നു പി ജയരാജന്റെ ആരോപണം. വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് പാര്‍ട്ടിക്ക് അകത്ത് നടന്ന ചര്‍ച്ചകള്‍ പുറത്ത് പങ്കുവെക്കാനാഗ്രഹിക്കുന്നില്ലെന്നായിരുന്നു പി ജയരാന് പ്രതികരിച്ചത്. ആരോപണം നിഷേധിച്ച് ഇ പി ജയരാജന് രംഗത്തെത്തുകയും ചെയ്തിരുന്നു.


