തിരുവനന്തപുരം ജില്ലയില്‍ കഴിഞ്ഞ ദിവസം രാത്രി ആരംഭിച്ച മഴ അതിശക്തമായി തുടരുകയാണ്. ഈ സാഹചര്യത്തില്‍ ജില്ലാ കളക്ടര്‍ നവജ്യോത് ഖോസ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അവധി നല്കലിലൂടെ പുലിവാല് പിടിച്ചിരിക്കുകയാണ് ജില്ലാ കളക്ടറിപ്പോള്‍. അവധി പ്രഖ്യാപിച്ച സമയമാണ് കളക്ടറെ വിമര്‍ശനങ്ങള്‍ കേള്‍പ്പിക്കുന്നത്.
കളക്ടര്‍ അവധി പ്രഖ്യാപിച്ച സമയത്തെ വിമര്‍ശിച്ച് രക്ഷിതാക്കളും മുതിര്‍ന്നവരും കളക്ടറുടെ ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ വിമര്‍ശനങ്ങള്‍ രേഖപ്പെടുത്തി. ഇന്നു രാവിലെ 7.34നാണ് അവധി പ്രഖ്യാപിച്ചു കൊണ്ടുള്ള പോസ്റ്റര്‍ കളക്ടര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. പോസ്റ്റ് ഇട്ടതിനു പിന്നാലെ പോസ്റ്റിനു താഴെ വിമര്‍ശനങ്ങളുമായി ജനങ്ങളുമെത്തി. കളക്ടറുടെ അവധി പ്രഖ്യാപനം വരുന്നതിനു മുമ്പു തന്നെ സ്കൂളിലും കോളേജിലും പോകുന്ന വിദ്യാര്‍ത്ഥികളില്‍ പലരും വീട്ടില്‍ നിന്നും ഇറങ്ങിയിരുന്നു.
വാര്‍ത്താ മാധ്യമങ്ങളിലൊന്നും അവധി നല്കുന്നതു സംബന്ധിച്ചുള്ള അറിയിപ്പുകളൊന്നും കാണാത്തതു കൊണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുമെന്ന് ധരിച്ചാണ് കുട്ടികള്‍ പതിവുപോലെ വീട്ടില്‍ നിന്നും ഇറങ്ങിയത്.
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കുമെന്നാണ് കളക്ടര്‍ അറിയിച്ചത്.
അതേസമയം ഇന്നും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. 11 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ മഴ മുന്നറിയിപ്പുമുണ്ട്. ശ്രീലങ്കന്‍ തീരത്തെ ചക്രവാതച്ചുഴിയാണ് ഇപ്പോഴത്തെ മഴയ്ക്ക് കാരണമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.