കൊച്ചി: വാളയാര്‍ പെണ്‍കുട്ടികളുടെ മരണത്തില്‍ പ്രതികളെ വെറുതെവിട്ട വിധിക്കെതിരേ അപ്പീല്‍ നല്‍കാനുള്ള സാധ്യത പരിശോധിക്കുമെന്നു മന്ത്രി എ.കെ. ബാലന്. പോക്സോ വകുപ്പുകള്‍ക്കു പുറമേ, ബലാല്‍സംഗം, ആത്മഹത്യാ പ്രേരണ എന്നീ വകുപ്പുകളും ചുമത്തിയാണു കേസെടുത്തത്. അന്വേഷണത്തില്‍ പോലീസിന്റെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായെങ്കില്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കേസില്‍ പ്രതികളായ വി മധു, എം മധു, ഷിബു എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. നേരത്തെ മൂന്നാം പ്രതി പ്രദീപിനെയും കോടതി വെറുതെ വിട്ടിരുന്നു. 2017 ജനുവരി 12-ന് പതിമൂന്നുകാരിയെയും അതേ വര്‍ഷം മാര്‍ച്ച് നാലിന് ഒന്‍പതു വയസുകാരിയായ സഹോദരിയെയും വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതാണ് കേസ്. ഒറ്റമുറി വീട്ടില്‍ ഇരുവരും ഒരേ സ്ഥാനത്താണു തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. സ്ത്രീയുടെ ആദ്യ ഭര്ത്താവിലുള്ളതാണു മൂത്തകുട്ടി. ഇളയമകളും ഏഴു വയസുള്ള മകനും രണ്ടാം ഭര്‍ത്താവിന്റെ മക്കളാണ്.
ചുള്ളിമടയ്ക്കടുത്ത് അട്ടപ്പള്ളത്താണ് ഇവരുടെ താമസം. നിര്‍മാണ തൊഴിലാളികളായ ദന്പതികള്‍ ജോലികഴിഞ്ഞു മടങ്ങിവരുന്നതിനു ഏതാനും മിനിറ്റുകള്‍ക്കു മുന്‍പാണു രണ്ടു കുട്ടികളുടെയും മരണം നടന്നത്.
രണ്ടു പെണ്‍കുട്ടികളും പീഢനത്തിനിരയായിരുന്നെന്നും ഇതേ തുടര്‍ന്നായിരുന്നു ആത്മഹത്യയെന്നും പോലീസ് കണ്ടെത്തിയതോടെയാണ് വിഷയം വിവാദമാവുന്നത്. ജനുവരിയില്‍ മരിച്ച മൂത്തകുട്ടി പല തവണ പീഡനത്തിനിരയായിട്ടുണ്ടെന്ന് മാതാവ് പോലീസിന് മൊഴി നല്‍കിയിരുന്നു. അടുത്ത ബന്ധുവാണ് കുട്ടിയെ പീഡിപ്പിച്ചത്. ഇക്കാര്യം ബോധ്യപ്പെട്ടപ്പോള്‍ ഇയാളെ താക്കീത് ചെയ്തിരുന്നുവെന്നും അമ്മ മൊഴി നല്കി.