ആലപ്പുഴ: ചികിത്സാ പിഴവിനെ തുടർന്ന് ഒന്നര വയസുകാരി മരിച്ചെന്ന പരാതിയില്‍ നാട്ടുവൈദ്യൻ മോഹനൻ വൈദ്യരുടെ അറസ്റ്റ് രേഖപ്പെടുത്തി. കായംകുളം പൊലീസാണ് മോഹനൻ വൈദ്യരെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടത്. ഹൈക്കോടതി നിർദ്ദേശാനുസരം മോഹനൻ വൈദ്യർ അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരാകുകയായിരുന്നു. കേസിൽ ഇയാൾക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
വയനാട് സ്വദേശിയായ പൊതുപ്രവർത്തകന് ശ്രീജിത്ത് പെരുമനയുടെ പരാതിയിൽ മോഹനൻ വൈദ്യർക്കെതിരെ മാരാരിക്കുളം പൊലീസ് മനപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തിരുന്നു. മോഹനൻ വൈദ്യരുടെ ചികിത്സാ കേന്ദ്രം കായംകുളത്ത് ആയതിനാൽ അന്വേഷണം പിന്നീട് കായംകുളം പൊലീസിന് കൈമാറുകയായിരുന്നു. മനപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് പുറമെ അശ്രദ്ധയെ തുടർന്ന് മനുഷ്യജീവന് അപായ ഉണ്ടായതിനും ചികിത്സ നിയമത്തിന് വിരുദ്ധമായി പ്രവർത്തിച്ചതിനുമാണ് മോഹനൻ വൈദ്യർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.


