കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയും പനംമ്പിള്ളി അക്കാഡമി ഫോര്‍ കന്ണ്ടിന്യൂയിംഗ് ലീഗല്‍ എഡ്യുക്കേഷനും കേരളത്തിലെ വിവിധ ബാര്‍ അസോസിയേഷനുകളും സംയുക്തമായി യുവ അഭിഭാഷകര്‍ക്കായി അഖില കേരളാടിസ്ഥാനത്തില്‍ നടത്തുന്ന അക്കാഡമിക് ക്വിസ് മത്സരത്തിന്റെ സതേണ്‍ റീജിയണല്‍ മത്സരങ്ങള്‍ സെപ്തംബര്‍ 28ന് തിരുവനന്തപുരത്ത് നന്ദാവനത്തുള്ള മുസ്ലിം അസോസിയേഷന് ഹാളില്‍ നടക്കും . കഴിഞ്ഞ രണ്ട് വര്‍ഷവും വിജയകരമായി നടത്തിയ ക്വിസ് മത്സരം ഇപ്രാവശ്യവും ആകര്‍ഷകമായ സമ്മാനങ്ങളാണ് വിജയികള്‍ക്ക് നല്‍കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്നും വിഭിന്നമായി തിരുവനന്തപുരം, എറണാകുളം , കോഴിക്കോട്, എന്നീ മേഖലകളായി ജില്ലകളെ തിരിച്ച് പ്രാദേശിക തല മത്സരങ്ങളാണ് പ്രാഥമിക റൗണ്ടില്‍ നടത്തുന്നത്. ഇത് കൂടാതെ ഹൈകോടതി അടിഭാഷകര്ക്കായി പ്രത്യക പ്രാഥമിക റൗണ്ടും നടത്തുന്നുണ്ട് .
ആലപ്പുഴ , പത്തനംതിട്ട , കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകള്‍ ഉള്‍പ്പെടുന്ന ദക്ഷിണ മേഖലാ മത്സരം സെപ്തംബര്‍ 28ന് ശനിയാഴ്ച രാവിലെ 10.30 ന് തിരുവനന്തപുരത്ത് പാളയം നന്ദാവനത്തുള്ള മുസ്ലിം അസോസിയേഷന് ഹാളില്‍ വെച്ച് നടക്കും. കേരള ഹൈകോടതി ആക്റ്റിംഗ് ചീഫ് ജസ്റ്റീസ് ജസ്റ്റീസ് സി.കെ അബ്ദുള്‍ റഹിം , ഹൈകോടതി ജഡ്ജിമാരായ ജസ്റ്റീസ് സി.റ്റി. രവികുമാര്‍, ജസ്റ്റീസ് സുനില്‍ തോമസ് , ജസ്റ്റീസ് എ. എം. ബാബു ,ജില്ലാ ജഡ്ജി കെ. ബാബു തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും. നാല് ജില്ലകളില്‍ നിന്നും രണ്ട് പേര് വീതമുള്ള 60 ഓളം ടീമുകളാണ് മത്സരത്തില്‍ അണിനിരക്കുന്നത്. ആദ്യ 6 സ്ഥാനം നേടുന്ന ടീമുകള്‍ക്ക് ആകര്‍ഷകമായ ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനമായി ലഭിക്കും . II ടീംമുകള്‍ ഫൈനലിലേക്ക് തിരഞ്ഞെടുക്കപ്പെടും. ഹൈക്കോടതി ജഡ്ജിമാര്‍ ഉള്‍പ്പെടെ ക്വിസ് മാസ്റ്റര്‍മാരാകുന്ന മത്സരം യുവ അഭിഭാഷകര്‍ ആവേശത്തോടെയാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ സ്വീകരിച്ചത്. എറണാകുളം , കോഴിക്കോട് എന്നിവിടങ്ങളില്‍ നടക്കുന്ന മേഖലാ മത്സരങ്ങള്‍ക്ക് ശേഷം കേരള ഹൈക്കോടതി ഓഡിറ്റോറിയത്തില്‍ വെച്ച് സമൂഹത്തിലെ വിവിധതുറകളില്‍ വ്യക്തിമുദ്രപതിപ്പിച്ച മഹനീയ വ്യക്തികളുടെ സാന്നിദ്ധ്യത്തില്‍ ഫൈനല്‍ മത്സരം നടക്കും. ആകര്‍ഷകമായ നിരവധി സമ്മാനങ്ങളാണ് ഫൈനല്‍ മത്സരത്തില്‍ പങ്കെടുക്കുന്ന ടീമുകളെ കാത്തിരിക്കുന്നത് .
കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയൊടൊപ്പം പനംമ്പിള്ളി അക്കാഡമി ഫോര്‍ കന്ണ്ടിന്യൂയിംഗ് ലീഗല്‍ എഡ്യുക്കേഷനും കേരളത്തിലെ വിവിധ ബാര്‍ അസോസിയേഷനുകളുടെ സഹകരണത്തോടെയാണ ്ക്വിസ് മത്സരം സംഘടിപ്പിക്കുക. കേരള ഹൈകോടതിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റി സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗത്തിന് അഭിഭാഷകരുടെ സഹകരണത്തൊടെ സൗജന്യ നിയമ സഹായം നല്കി വരുന്നു . അതിനാലാണ് അഭിഭാഷകരുടെ നിയമജ്ഞാനം ഉയര്‍ത്തുന്ന ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുവാന്‍ അതോറിറ്റി എക്കാലവും മുന്നോട്ട് വന്നിട്ടുള്ളത്. വൈകിട്ട് 4 മണിക്ക് ചേരുന്ന ചടങ്ങില്‍ അതോറിറ്റിയുടെ എക്സിക്യുട്ടീവ് ചെയര്‍മാന്‍കൂടിയായ കേരള ഹൈക്കോടതി ആക്റ്റിംഗ് ചീഫ് ജസ്റ്റീസ് ജസ്റ്റിസ് സി.കെ അബ്ദുള്‍ റഹിം വിജയികള്‍ക്ക് സമ്മാനദാനം നിര്‍വ്വഹിക്കും .