ആലത്തൂർ പൊലീസ് സ്റ്റേഷനിൽ അഭിഭാഷകനോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ എസ്ഐയെ ശിക്ഷിച്ച് ഹൈക്കോടതി. ആരോപണ വിധേയനായ എസ് ഐ റിനീഷിനെ രണ്ടു മാസത്തെ തടവിനാണ് ജസ്റ്റിസ് ദേവരാമചന്ദ്രൻ ശിക്ഷ വിധിച്ചത്. പിന്നാലെ ഒരു വർഷത്തേക്ക് സമാന കുറ്റകൃത്യത്തിൽ ഏർപ്പെടരുത് എന്ന വ്യവസ്ഥയിൽ ശിക്ഷ കോടതി മരവിപ്പിച്ചു.
സംഭവത്തിൽ നേരത്തെ എസ്ഐ ഹൈക്കോടതിയിൽ നിരുപാധികം മാപ്പ് പറഞ്ഞിരുന്നു. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചിന് മുമ്പാകെയായിരുന്നു മാപ്പ് പറഞ്ഞത്. ഇത് കോടതി അംഗീകരിച്ചിരുന്നു. അഭിഭാഷകനായ അക്വിബ് സുഹൈൽ നൽകിയ കോടതിയലക്ഷ്യ ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ നടപടി.സംഭവത്തിന് പിന്നാലെ പൊതുജനങ്ങളോടുള്ള ‘എടാ പോടാ വിളികൾ’ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് മേധാവി വീണ്ടും സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ഇക്കാര്യം കർശനമായി നടപ്പാക്കണം എന്ന് ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും പൊലീസ് മേധാവി ഹൈക്കോടതിയെ അറിയിച്ചിരുന്നു.