കൊച്ചിയില്‍ 11 കോടി രൂപയുടെ ലഹരി മരുന്ന് പിടികൂടിയ കേസില്‍ അട്ടിമറി നടന്നതില്‍ അതൃപ്തി അറിയിച്ച് കസ്റ്റംസ്. കേസ് അട്ടിമറിച്ചതില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും കസ്റ്റംസ് ആവശ്യപ്പെട്ടു.
അതേസമയം, കേസില്‍ അട്ടിമറി നടന്നോയെന്നത് സംബന്ധിച്ച് എക്സൈസ് ക്രൈംബ്രാഞ്ച് അന്വേഷണം ഇന്നു തുടങ്ങും. ഇന്നലെ എക്സൈസ് സി.ഐ. ശങ്കറില്‍ നിന്ന് കേസ് രേഖകള്‍ പുതിയ സംഘം ഏറ്റെടുത്തിരുന്നു. ജോയിന്റ് എക്സൈസ് കമ്മീഷണര്‍ കെ.എ. നെല്‍സണാണ് കേസിന്റെ അന്വേഷണ ചുമതല. അറസ്റ്റിലുള്ള 5 പ്രതികളെ ഉടന്‍ ചോദ്യം ചെയ്യാനുള്ള നടപടിയും ആരംഭിക്കും. പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ രണ്ട് പ്രതികള്‍ക്ക് കേസിലുള്ള ബന്ധത്തെക്കുറിച്ചും അന്വേഷണം തുടങ്ങി. വൈകാതെ ഇവരെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും.
രണ്ടു യുവതികള്‍ എംഡിഎംഎ ഒളിപ്പിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നിട്ടും ഇതിലെ ഒരു യുവതിയെ പ്രതിയാക്കാതെ ഒഴിവാക്കിയെന്നാണ് എക്സൈസിനെതിരായ പ്രധാന ആരോപണം. പ്രതികളെ പിടിച്ച ഉടന്‍ കസ്റ്റംസ് എടുത്ത ഫോട്ടോയില്‍ ഏഴ് പ്രതികളാണ് ഉള്ളത്. കസ്റ്റംസിന്റെ വാര്‍ത്താകുറിപ്പിലും 7 പ്രതികളാണ് ഉള്ളത്.
എന്നാല്‍ എക്സൈസ് കേസില്‍ പ്രതികളുടെ എണ്ണം അഞ്ചായി. രണ്ട് പേരെ ഒഴിവാക്കിയിട്ടുണ്ട്. പ്രതികളില്‍ നിന്ന് മാന്‍ കൊമ്പും പിടിച്ചിട്ടുണ്ട്. എന്നാല്‍ ഇത് മഹസറില്‍ രേഖപ്പെടുത്തിയിട്ടില്ല.
കഴിഞ്ഞ 19 -ാം തിയതി പുലര്‍ച്ചെയാണ് മാരക ലഹരി മരുന്നായ എംഡിഎംഎയുമായി യുവതിയടക്കമുള്ള പ്രതികള്‍ പിടിയിലായത്. ഇവരില്‍ നിന്ന് 84 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ താമസിച്ചിരുന്ന ഫ്ലാറ്റില്‍ അലക്കാനിട്ട തുണികള്‍ക്കിടയില്‍ ഒളിപ്പിച്ച ഒരു ബാഗില്‍ നിന്ന് ഒരു കിലോയിലധികം രൂപയുടെ എംഡിഎംഎ കൂടി പിടിച്ചു.
എന്നാല്‍ പ്രതികളെ അറസ്റ്റ് ചെയ്ത ജില്ലയിലെ എക്സൈസ് എന്റ്ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നര്‍ക്കോട്ടിക് വിഭാഗം മഹസറില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്: ഒരു വഴിപോക്കന് നല്കിയ വിവരമനുസരിച്ചാണ് പ്രതികള്‍ താമസിച്ചിരുന്ന ഫ്ലാറ്റില്‍ നിന്ന് ഒരു കിലോ എംഡിഎംഎ അടങ്ങിയ ബാഗ് കണ്ടെത്തിയത്. ഉടമസ്ഥനില്ലാത്ത ബാഗാണ് കണ്ടെടുത്തെന്നും ഇത് പ്രതികളുടേതായിരിക്കാമെന്ന് ഉറപ്പില്ലെന്നാണ് സാക്ഷിമൊഴിയെന്നും മഹസറില്‍ രേഖപ്പെടുത്തി. ബാഗ് കണ്ടെടുത്തതില്‍ പ്രതികളില്ലാതെ പ്രത്യേകം കേസെടുത്തു.
പ്രതികള്‍ കസ്റ്റഡിയിലായിരിക്കെ ഇവരുമായി പോയി ബാഗ് കണ്ടെത്തി അതും കേസില്‍ ഉള്‍പ്പെടുത്തേണ്ടതിന് പകരമാണ് എക്സൈസ് ഇത്തരമൊരു കള്ളക്കളി നടത്തിയത്. 84 ഗ്രാം എംഡിഎംഎ കണ്ടെടുത്തിന് മാത്രമാണ് നിലവില്‍ 5 പേര്‍ക്കെതിരെ കേസ്.


