കോഴിക്കോട്: ഹോട്ടലുടമയായ തിരൂര്‍ സ്വദേശി മേച്ചേരി സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ഷിബിലും ഫര്‍ഹാനയും പിടിയിലായത് ചെന്നൈയില്‍നിന്ന് ജംഷേദ്പുരിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ. കഴിഞ്ഞദിവസം രാത്രി ചെന്നൈ എഗ്മോര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് ഷിബിലിനെയും ഫര്‍ഹാനയെയും ആര്.പി.എഫ്. സംഘം കസ്റ്റഡിയിലെടുത്തത്. എഗ്മോറില്‍നിന്ന് ജംഷേദ്പുര്‍ ടാറ്റാ നഗര്‍ റെയില്‍വേ സ്റ്റേഷനിലേക്കുള്ള ട്രെയിനില്‍ യാത്ര ചെയ്യാനായിരുന്നു പ്രതികളുടെ പദ്ധതി. ഈ ട്രെയിനിനായി വെയിറ്റിങ് റൂമില്‍ കാത്തിരിക്കുകയായിരുന്ന ഇരുവരെയും ആര്.പി.എഫ്. നടത്തിയ പരിശോധനയില്‍ കണ്ടെത്തുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
സിദ്ദിഖിനെ കാണാതായെന്ന പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ് സംഘം ഷിബിലിനും ഫര്‍ഹാനയ്ക്കും ഇതില്‍ പങ്കുള്ളതായി നേരത്തെ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ലൊക്കേഷന്‍ വിവരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും ചെന്നൈയിലേക്ക് കടന്നതായി സംശയമുണ്ടായത്. കഴിഞ്ഞദിവസം വൈകിട്ട് 5.45-ഓടെയാണ് ഇതുസംബന്ധിച്ച് തിരൂര്‍ പോലീസില്‍നിന്നും ചെന്നൈ എഗ്മോറിലെ ആര്.പി.എഫിന് വിവരം ലഭിച്ചത്. തുടര്‍ന്ന് ആര്.പി.എഫ്. സംഘം നടത്തിയ പരിശോധനയില്‍ രാത്രി ഏഴുമണിയോടെ ഇരുവരെയും പിടികൂടുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെ രണ്ടുപ്രതികളെയും തിരൂര്‍ പോലീസിന് കൈമാറി.


