തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍ പിതാംബരക്കുറുപ്പ്. വട്ടിയൂര്‍ക്കാവ് മണ്ഡലം മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് കോണ്‍ഗ്രസ് അടിയറവ് വച്ചുവെന്ന് പിതാംബരക്കുറുപ്പ് പൊട്ടിത്തെറിച്ചു.
താനാണ് രാജാവ് എന്ന തരത്തിലാണ് പലരും തെരഞ്ഞെടുപ്പിനെ സമീപിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആത്മവീര്യം നഷ്ടപ്പെടുത്തി. പാര്‍ട്ടിയ്ക്കുള്ളില്‍ ചികിത്സ നടത്തേണ്ട സമയം അതിക്രമിച്ചെന്നും പീതാംബരക്കുറുപ്പ് പറഞ്ഞു. എന്‍എസ്എസിനെ പഴിചാരി തോല്‍വിയില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ കോണ്‍ഗ്രസിനാകില്ല. തനിക്ക് സീറ്റ് തരാത്തതില്‍ ദുഃഖമില്ല. കോണ്‍ഗ്രസ് ഒരാളെ എവിടെ വച്ച് ഒതുക്കുമെന്ന് തനിക്ക് നന്നായി അറിയാമെന്നും പിതാംബരക്കുറുപ്പ് വ്യക്തമാക്കി.
നേരത്തെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥിയായി ആദ്യം പരിഗണിച്ചിരുന്നത് പീതാംബരക്കുറുപ്പിനെയായിരുന്നു. കെ മുരളീധരന് എംപിയുടെ ആശീര്‍വാദത്തോടെയായിരുന്നു പീതാംബരക്കുറുപ്പിനെ ആദ്യം പരിഗണിച്ചത്. എന്നാല്‍ പിന്നീട് മോഹന്‍ കുമാറിനെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയത്. അദ്ദേഹത്തിന് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നു.


