തിരുവനന്തപുരം: ‘ജയ് ശ്രീറാം’ വിവാദത്തിൽ ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന് മറുപടിയുമായി വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. തനിക്ക് ചന്ദ്രനിലേക്കുള്ള ടിക്കറ്റ് തന്നാൽ പോകാൻ തയ്യാറാണെന്ന് അടൂർ പറഞ്ഞു.
”നേരത്തേ ഇവർ എല്ലാവരെയും പാകിസ്ഥാനിലേക്കാ അയച്ചുകൊണ്ടിരുന്നത്. അവിടിപ്പം നിറഞ്ഞെന്ന് തോന്നുന്നു. ഇനി ചന്ദ്രഗ്രഹത്തിലേക്ക് ആരെങ്കിലും ടിക്കറ്റ് തന്നാൽ പോകാം. ഇനിയിപ്പോൾ വീട്ടിന് മുന്നിൽ വന്ന് ആരെങ്കിലും നാമം ചൊല്ലിയാൽ സന്തോഷം. ഞാനും അവർക്കൊപ്പം ഇരുന്ന് നാമം ചൊല്ലും”, അടൂർ പറഞ്ഞു.
‘ജയ് ശ്രീറാം’ വിളിക്കാൻ തയ്യാറാകാത്ത അടൂർ ഗോപാലകൃഷ്ണൻ പാകിസ്ഥാനിലേക്ക് പോകുന്നതാണ് നല്ലതെന്ന് ബി ഗോപാലകൃഷ്ണൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ‘ജയ് ശ്രീറാം’ എന്ന് വിളിക്കുന്നതിനെയല്ല, അതിനെ കൊലവിളിയാക്കി മാറ്റുന്നതിനെയാണ് താനടക്കമുള്ള സാംസ്കാരിക, ചലച്ചിത്ര പ്രവർത്തകർ എതിർത്തതെന്ന് അടൂർ ഗോപാലകൃഷ്ണൻ പറയുന്നു. ഇത്തരത്തിൽ ന്യൂനപക്ഷസമുദായത്തിൽപ്പെട്ടവരെ മർദ്ദിക്കുമ്പോഴും തല്ലുമ്പോഴും കൊല്ലുമ്പോഴും ‘ജയ് ശ്രീറാം’ എന്ന് വിളിക്കുന്നത് രാമനെ അധിക്ഷേപിക്കലാണെന്നും അടൂർ തിരുവനന്തപുരത്ത് പറഞ്ഞു.
അവാർഡുകൾക്ക് വേണ്ടിയാണ് താൻ ഇത്തരത്തിൽ നിലപാടെടുക്കുന്നതെന്ന് പറയുന്നവർക്ക്, തനിക്കിനി ഈ രാജ്യത്ത് വേറെ അവാർഡൊന്നും കിട്ടാൻ ബാക്കിയില്ലെന്നും അടൂർ പറഞ്ഞു. രാജ്യത്തെ ഒരു ചലച്ചിത്ര പ്രവർത്തകനെന്ന നിലയിൽ പരമോന്നത ബഹുമതി വരെ തനിക്ക് കിട്ടിയിട്ടുണ്ട്. പ്രധാനമന്ത്രിക്ക് സാംസ്കാരിക പ്രവർത്തകർ കത്തെഴുതിയത് രാജ്യത്ത് മതത്തിന്റെ പേരിൽ നടക്കുന്ന ആൾക്കൂട്ടക്കൊലപാതകങ്ങളിൽ നടപടി സ്വീകരിക്കണമെന്നും ഇല്ലെങ്കിലത് സാമുദായിക ലഹളയിലേക്ക് നയിക്കുമെന്നും ചൂണ്ടിക്കാട്ടാനാണ്. അല്ലാതെ താനടക്കമുള്ള ഈ സാംസ്കാരികപ്രവർത്തകർ ആരും ‘സമരഗ്രൂപ്പൊന്നും’ അല്ലെന്നും അടൂർ പറഞ്ഞു.
ഇതിന് മുമ്പ് എന്തുകൊണ്ട് പ്രതികരിച്ചില്ല എന്ന് ചോദിക്കുന്നവർ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. താനൊരു പ്രതികരണത്തൊഴിലാളിയൊന്നുമല്ല. എല്ലാറ്റിനും പ്രതികരിക്കാറുമില്ല. രാജ്യത്തെ ഭീകരമായ അവസ്ഥ കണ്ടിട്ടുള്ള പ്രതികരണം മാത്രമാണിത്.

