തിരുവനന്തപുരം: കാപ്പ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന ബിജെപി കൗണ്‍സിലര്‍ ആര്. സുഗതന്റെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരം കോര്‍പറേഷനില്‍ എല്‍ഡിഎഫ് നടത്തിയ മാര്‍ച്ചിനിടെ സംഘര്‍ഷം. മേയര്‍ വി.വി രാജേഷിനെ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ തടഞ്ഞു. ഇതോടെ ഓഫീസിന് മുന്നില്‍ എല്‍ഡിഎഫ്-ബിജെപി കൗണ്‍സിലര്‍മാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. പ്രതിഷേധത്തിനിടയിലും മേയര്‍ ഓഫീസിലേക്ക് പ്രവേശിച്ചു. കാലില്‍ പരിക്കേറ്റ മേയര്‍ പിന്നീട് ചികിത്സ തേടി.
എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ ആക്രമത്തില്‍ പരിക്കേറ്റെന്ന് വി.വി രാജേഷ് പറഞ്ഞു. സംഘര്‍ഷത്തില്‍ ബിജെപി കൗണ്‍സിലര്‍മാര്‍ക്കും എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഒരു പൊലീസ് ഉദ്യോഗസ്ഥക്കും പരിക്കുണ്ട്.വി. ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്, വി. ജോയ് അടക്കമുള്ള സിപിഎം നേതാക്കള്‍ നഗരസഭയിലെത്തിയിരുന്നു. പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ പറഞ്ഞു. അതേസമയം, മേയറെ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ആക്രമിക്കാന്‍ ശ്രമിച്ചെന്ന് ബിജെപി ആരോപിച്ചു.
ഭരണപക്ഷം പ്രതിപക്ഷത്തെ ആക്രമിക്കുന്ന പുതിയ രീതിയാണ് കോര്‍പറേഷനില്‍ കണ്ടതെന്ന് സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രന് ആരോപിച്ചു. ആറ് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ക്ക് പരിക്കേറ്റു. നടക്കുന്നത് ഗുണ്ടാ ഭരണമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മേയര്‍, ഡെപ്യൂട്ടി മേയര്‍ എന്നിവരടക്കം ഒമ്പത് പേര്‍ക്ക് ഗുരുതര പരിക്കേറ്റെന്നും നടന്നത് ആസൂത്രിത ആക്രമണമെന്നും ബിജെപി നേതാവ് കെ. സുരേന്ദ്രന് പറഞ്ഞു. മേയറുടെ കാലിന് പരിക്കേറ്റു. കൗണ്‍സിലര്‍ ആശാ ജി. നാഥിന് തലയ്ക്ക് പരിക്കേറ്റു. അക്രമത്തെ ശക്തമായി അപലപിക്കുന്നുവെന്നും സുരേന്ദ്രന് പറഞ്ഞു.


