കാസര്‍കോട്: കാസര്‍കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ് മോഹന്‍ ഉണ്ണിത്താന് വലിയ ആത്മവിശ്വാസത്തിലാണ്. വോട്ട് ചോദിച്ചിറങ്ങുമ്പോള്‍ നേരിട്ട ഏറ്റവും വലിയ പ്രശ്നം ആളുകളുടെ ആത്മാര്ത്ഥതയായിരുന്നെന്നും ആ ആത്മാര്‍ത്ഥത കൊണ്ട് തനിയ്ക്ക് ഒരു മണിക്കൂര്‍ പോലും ഉറങ്ങാനായില്ലെന്നും രാജ് മോഹന്‍ ഉണ്ണിത്താന് പറഞ്ഞു. ‘പുലര്‍ച്ചെ നാല് മണിയ്ക്ക് വരുന്നവരോട് താന്‍ മരുന്ന് കഴിച്ചില്ലെന്ന് വിഷമം പറയും. അപ്പോള്‍ അവര്‍ പറയും എന്നാലും ഇവിടെയും കൂടി ഒന്ന് വന്ന് പോകൂ’ എന്ന്. ഇത്ര ആത്മാര്‍ത്ഥതയുള്ള ജനത ജീവിക്കുന്ന നാട് ഞാന്‍ വേറെ കണ്ടിട്ടില്ല’ ഉണ്ണിത്താന് കൂട്ടിച്ചേര്‍ത്തു.

‘പലരും എന്റെയൊപ്പം സെല്‍ഫി എടുക്കാന്‍ മത്സരിച്ചു. ‘സാര്‍ ഞങ്ങള്‍ വോട്ട് തരില്ല, പക്ഷേ നിങ്ങളുടെ കൂടെ ഒരു സെല്‍ഫി വേണം’ എന്ന് ചിലര്‍ പറഞ്ഞു. വോട്ട് തരില്ലെന്ന് പറയുന്നത് മറ്റുള്ളവരെ കേള്‍പ്പിക്കാനാണ്. ചിലരുടെയടുത്ത് ഞാന്‍ രാജ്മോഹന്‍ ഉണ്ണിത്താന് എന്ന് പരിചയപ്പെടുത്തുമ്പോള്‍ അവര്‍ പറയും ‘നിങ്ങള്‍ പേര് പറഞ്ഞ് പരിചയപ്പെടുത്തരുത് നിങ്ങളെ ആര്‍ക്കാണ് അറിയാത്തത്. നിങ്ങളുടെ സിനിമ ഞങ്ങള്‍ കണ്ടിട്ടുണ്ട്’എന്ന്, രാജ് മോഹന്‍ ഉണ്ണിത്താന് പറഞ്ഞു.
കുട്ടികളുടെ മനസ്സില്‍ പോലും താന്‍ പതിഞ്ഞിരുന്നെന്നും രാജ്മോഹന്‍ ഉണ്ണിത്താന് പറഞ്ഞു. ഒരു കുട്ടി തന്നെ കാണണമെന്ന് പറഞ്ഞ് കരച്ചിലായി. എന്തൊക്കെ വാങ്ങിക്കൊടുത്തിട്ടും അവന് സംതൃപ്തനായില്ലെന്നും ഒടുവില്‍ താന്‍ കുട്ടിക്കൊപ്പം സെല്‍ഫി എടുത്തപ്പോഴാണ് അവന്റെ കരച്ചില് നിന്നതെന്നും സ്ഥാനാര്‍ത്ഥി കൂട്ടിച്ചേര്‍ത്തു.
മണ്ഡലാനുഭവങ്ങള് അവിടെയും തീരുന്നില്ല. ഒരു ദിവസം നിങ്ങള്‍ കാരണം എനിയ്ക്ക് ചോറ് കിട്ടുന്നില്ലെന്ന പറഞ്ഞ് ഒരാള്‍ തന്നെ സമീപിച്ച ഓര്‍മയുമുണ്ട് രാജ് മോഹന്‍ ഉണ്ണിത്താന്. സ്ഥാനാര്‍ത്ഥിയുടെ എന്തെങ്കിലും പരിപാടി ടിവിയിലുണ്ടെങ്കില്‍ എന്റെ ഭാര്യ അത് കഴിഞ്ഞേ ചോറ് തരുന്നുള്ളൂ എന്നതായിരുന്നു അയാളുടെ പരാതി എന്നും രാജ് മോഹന്‍ ഉണ്ണിത്താന് പറഞ്ഞു. കാസര്‍കോട്ട് യുഡിഎഫിന് അട്ടിമറി വിജയമുണ്ടാകുമെന്നും അതവര്‍ക്ക് കണ്ടെത്താനാവില്ലെന്നും രാജ് മോഹന്‍ ഉണ്ണിത്താന് കൂട്ടിച്ചേര്‍ത്തു.


